| Monday, 21st June 2021, 8:00 am

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായിയോട് പറഞ്ഞത് കെ.ടി. ജോസഫ്; വെളിപ്പെടുത്തലുമായി ചൂരായി ചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായിയോട് പറഞ്ഞത് കെ.ടി. ജോസഫെന്ന് ബ്രണ്ണനിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ചൂരായി ചന്ദ്രന്‍. മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുള്ള ജോസഫ് ബ്രണ്ണനിലാണ് പഠിച്ചതെന്നും ചൂരായി ചന്ദ്രന്‍ പറഞ്ഞു.

ബ്രണ്ണന്‍ വിവാദത്തിലെ പുതിയ വെളിപ്പെടുത്തലാണിത്. ‘പിണറായിയും സുധാകരനുമായി ജോസഫിന് ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജോസഫ് എറണാകുളത്തെ അബ്കാരിയായിരുന്നു,’ ചൂരായി ചന്ദ്രന്റെ വാക്കുകള്‍.

1965 മുതല്‍ 72 വരെ ബ്രണ്ണനില്‍ പഠിച്ച ചൂരായി ചന്ദ്രന്‍ സി.എം.പി. നേതാവാണ്.

മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്നും മറ്റ് സംഭവങ്ങളും സുധാകരന്‍ പറഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്നുള്ള പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ സുധാകരന് മറുപടി നല്‍കിയിരുന്നു.

തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നുവെന്ന കാര്യം പത്രസമ്മേളനത്തില്‍ വെച്ച് പിണറായി പറഞ്ഞിരുന്നു. തന്നെ സുധാകരന്‍ ചവിട്ടി വീഴ്ത്തിയിട്ടില്ലെന്നും പിണറായി പറയുകയുണ്ടായി.

എന്നാല്‍ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചുവെന്ന പിണറായിയുടെ പ്രസ്താവന കളവാണെന്നാണ് സുധാകരന്‍ പറഞ്ഞത്.

ഓഫ് ദ റെക്കോര്‍ഡായി പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം തനിക്കല്ലെന്നും സുധാകരന്‍ പറഞ്ഞു.

ഈയൊരു സാഹചര്യത്തിലാണ് മക്കളെ തട്ടിക്കൊണ്ടുപോവല്‍ വിഷയത്തിലെ ചൂരായി ചന്ദ്രന്റെ പുതിയ വെളിപ്പെടുത്തല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Choorayi chandrans statement in Brennen college issue

We use cookies to give you the best possible experience. Learn more