| Wednesday, 5th June 2019, 11:36 am

തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി ആക്രമണം തുടര്‍ന്നാല്‍ അവരെ പൂര്‍ണമായും തകര്‍ത്തിരിക്കും; മുന്നറിയിപ്പുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പിക്കാര്‍ ആക്രമണം നടത്തുന്നത് തുടര്‍ന്നാല്‍ അവരെ പൂര്‍ണമായും തങ്ങള്‍ തകര്‍ത്തിരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ഈദുല്‍ഫിത്തറുമായി ബന്ധപ്പട്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം. നമ്മെ ആക്രമിക്കാന്‍ വരുന്നവരെ തകര്‍ത്തിരിക്കും എന്നായിരുന്നു മമതയുടെ പരാമര്‍ശം.

പശ്ചിമംബംഗാളിലെ ബി.ജെ.പിയുടെ ഉദയത്തെ സൂര്യനുമായിട്ടായിരുന്നു മമത താരതമ്യപ്പെടുത്തിയത്. ഉദയസമയത്ത് അത് ജ്വലിച്ചുനില്‍ക്കും. അതുപോല ഇ.വി.എമ്മുകള്‍ പിടിച്ചെടുത്താണ് അവര്‍ ഇവിടെ ഉയര്‍ന്നുവന്നത്. ഉയര്‍ന്നുവന്ന അതേ വേഗതയില്‍ തന്നെ അവര്‍ ഇല്ലാതെയാകും- മമത പറഞ്ഞു.

ബി.ജെ.പി മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തുകയാണെന്നും തൃണമൂല്‍ പറഞ്ഞു. ജയ് ശ്രീം രാം എന്ന മുദ്രാവാക്യത്തില്‍ നിന്നും ബി.ജെ.പി ഇപ്പോള്‍ ജയ് മഹാ കാളിയെന്ന മുദ്രാവാക്യം വിളിക്കുകാണ്. ‘തെരഞ്ഞെടുപ്പിന് ശേഷം ജയ് ശ്രീം രാം മുദ്രാവാക്യത്തിന്റെ ടി.ആര്‍.പി കുറഞ്ഞിരിക്കുകയാണ്’- എന്നായിരുന്നു തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞത്. മമതാ ബാനര്‍ജിയുടെ സഹോദരീ പുത്രന്‍ കൂടിയാണ് അഭിഷേക്.

തൃണമൂലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും രംഗത്തെത്തി. തൃണമൂലിന് കാലാവധി തികയ്ക്കാന്‍ കഴിയില്ലെന്നും അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സര്‍ക്കാര്‍ താഴെവീഴുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മമത ബാനര്‍ജി ധാര്‍ഷ്ട്യമുള്ള ഭരണാധികാരിയാണെന്നും കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more