30 വര്‍ഷത്തിന് ശേഷം മലയാളം പാട്ടിന് ഈണമൊരുക്കി എ.ആര്‍. റഹ്മാന്‍; മലയന്‍കുഞ്ഞിലെ ആദ്യഗാനം
Film News
30 വര്‍ഷത്തിന് ശേഷം മലയാളം പാട്ടിന് ഈണമൊരുക്കി എ.ആര്‍. റഹ്മാന്‍; മലയന്‍കുഞ്ഞിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th July 2022, 7:12 pm

ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന മലയന്‍കുഞ്ഞിലെ ആദ്യഗാനം പുറത്ത്. ചോലപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം എ.ആര്‍. റഹ്മാന്റെ സംഗീതത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. 30 വര്‍ഷത്തിന് ശേഷം ഒരു മലയാളം സിനിമക്കായി റഹ്മാന്‍ ഒരുക്കിയ പാട്ടുകളാണ് മലയന്‍ കുഞ്ഞിലേത്.

1992ല്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിനായാണ് റഹ്മാന്‍ ഇതിന് മുമ്പ് സംഗീത സംവിധാനം ചെയ്തത്. വിജയ് യേശുദാസാണ് ഗാനം പാടായിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികളെഴുതിയത്.

 

ഫാസിലാണ് ചിത്രത്തിന്റെ നിര്‍മാണം. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

 

ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Content Highlight: cholappenne song from malayankunju composition by a r rahman