സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം 'ചോല' പ്രശസ്തമായ വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക്
Movie Day
സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം 'ചോല' പ്രശസ്തമായ വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th July 2019, 5:01 pm

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചലചിത്രം ‘ചോല’ പ്രശസ്തമായ വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പ്രധാന മത്സര വിഭാഗത്തിന് സമാന്തരമായുള്ള ഹൊറൈസണ്‍സ് വിഭാഗത്തില്‍ മറ്റ് 19 അന്താരാഷ്ട്ര സിനിമകള്‍ക്കൊപ്പമാണ് ചോലയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ഫീച്ചര്‍ ചിത്രത്തിന് ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഈ വിഭാഗത്തില്‍ നല്‍കുന്നത്. ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ സിനിമയാണ് ചോല.

ഗീതാഞ്ജലി റാവുവിന്റെ അനിമേറ്റഡ് സിനിമയായ ‘ബോംബേ റോസ്’ ആണ് ഫെസ്റ്റിവലിലെ മറ്റൊരു ഇന്ത്യന്‍ സിനിമ. വെനീസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ആനിമേഷന്‍ ചിത്രമാണിത്.

‘ഒഴിവുദിവസത്തെ കളി’ക്കും ‘എസ് ദുര്‍ഗ’ക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തതാണ് ‘ചോല’. ‘കുപ്രസിദ്ധ പയ്യന്‍’, ‘ജോസഫ്’ എന്നീ സിനിമകള്‍ക്ക് പുറമെ ചോലയിലെ അഭിനയവും നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന ചലചിത്ര പുരസ്‌ക്കാരങ്ങള്‍ ലഭിക്കാന്‍ കാരണമായിരുന്നു. നാല് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.