മുംബൈ: മുമ്പെങ്ങുമില്ലാത്ത വിധം നടന്മാരും കലാകാരന്മാരുമെല്ലാം വേട്ടയാടപ്പെടുകയും അസഹിഷ്ണുതയുടെ ഇരകളാവുകയും ചെയ്യുന്ന കാലത്ത് ഒരു അഭിനേതാവ് എങ്ങനെ പെരുമാറണമെന്ന് വ്യക്തമാക്കുകയാണ് മുതിര്‍ന്ന നടന്‍ നസീറുദ്ദീന്‍ ഷാ. അഭിനേതാവ് തിരഞ്ഞെടുക്കുന്ന സിനിമകള്‍ അവരുടെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളെ മാത്രമല്ല വ്യക്തിത്വത്തെയും സൂചിപ്പിക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതേസമയം, തനിക്ക് മുന്നിലെത്തുന്ന സംവിധായകന്റെ കാഴ്ച്ചപ്പാടുകളുമായി തനിക്ക് വ്യക്തിപരമായ യോജിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
“ഒരു അഭിനേതാവിന്റെ വ്യക്തിത്വം പുറത്തുവരുന്നത് അവരുടെ തെരഞ്ഞെടുപ്പുകളിലൂടെയാണ്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു സിനിമയെ നിങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ വിശ്വാസങ്ങളെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.” നസീറുദ്ദീന്‍ ഷാ വ്യക്തമാക്കുന്നു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസു തുറന്നത്.
കാലം മാറുന്നതിനനുസരിച്ച് സിനിമയും മാറിയിട്ടുണ്ട്. എന്നാല്‍ തന്റെ വിശ്വാസങ്ങളില്‍ മാറ്റമില്ലെന്നും തന്റേതായ വ്യക്തിത്വം സൃഷ്ടിക്കാനാല്ല, മറിച്ച് സംവിധായകന്റെ സന്ദേശവാഹകനായാണ് താന്‍ വര്‍ത്തിക്കുന്നതെന്നും നസീറുദ്ദീന്‍ ഷാ അഭിമുഖത്തില്‍ പറയുന്നു.