|

ലാലേട്ടന്‍ പാടി മമ്മൂക്ക റിലീസ് ചെയ്തു; ബര്‍മൂഡയിലെ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയ്ന്‍ നിഗത്തെ പ്രധാനകഥാപാത്രമാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബര്‍മുഡ. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടി പുറത്തിറക്കിയ ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാലാണ്.

ചോദ്യചിഹ്നം പോലെ എന്ന ഗാനം റിലീസ് ചെയ്യുന്നതില്‍ സന്തോഷം, ടീമിലെ എല്ലാവര്‍ക്കും ആശംസകള്‍ എന്നാണ് ഗാനം റിലീസ് ചെയ്തുകൊണ്ട് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

രമേശ് നാരായണ്‍ സംഗീതം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. നേരത്തെ ജൂലൈ 29 ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് ആഗസ്റ്റ് 19ലേക്ക് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ ടീസറുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതാണ്.

ബ്രോ ഡാഡിയിലെ ടൈറ്റില്‍ ഗാനത്തിന് ശേഷം മോഹന്‍ലാല്‍ ആലപിക്കുന്ന ഗാനമാണ് ബര്‍മുഡയിലേത്. ഗാനം പുറത്തുവന്നതോടെ ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകരും എത്തിയിട്ടുണ്ട്. ‘ലാലേട്ടന്‍ പൊളിച്ചു’ , ‘ഇനിയും ഒരുപാട് ഗാനങ്ങള്‍ പാടുക’ തുടങ്ങിയ അഭിപ്രായങ്ങളാണ് ഗാനത്തിന് കമന്റുകളായി വരുന്നത്.

സൈജു കുറുപ്പ്, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ഗൗരി നന്ദ, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍,മണിയന്‍പിള്ള രാജു, നന്ദു, നിരഞ്ജന അനൂപ്, സാജല്‍ സുധര്‍ശന്‍, ഷൈനി സാറ, നൂറിന്‍ ഷെറീഫ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രമേഷ് നാരായണനാണ്.

ഹാസ്യത്തിന് പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്.  ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight : Chodhyachinnam Pole Lyrical Video from Bermuda movie sung by Mohanlal released