ന്യൂദൽഹി: മമതയ്ക്ക് ശേഷം ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയും തെലുഗ് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവും നിരാഹാരമിരിക്കുന്നു. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടാണ് ചന്ദ്രബാബു നായിഡു നിരാഹാരമിരിക്കുക. ന്യൂദൽഹിയിലെ ആന്ധ്രാ പ്രദേശ് ഭവന് മുൻപിലാണ് ചന്ദ്രബാബു നിരാഹാരമിരിക്കുന്നത്. ഇതിനായി ഇന്നലെ അദ്ദേഹം എ.പി. ഭവനിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. തിങ്കളാഴ്ച്ച മുതലാണ് നിരാഹാരം ആരംഭിക്കുക.
രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശ് ഭവന് മുൻപിൽ നിരാഹാരമിരിക്കുക. നിലവിൽ ഒരു ദിവസത്തേക്കായിരിക്കും ചന്ദ്രബാബു നിരാഹാരമിരിക്കുക. “ധർമ്മ പോരാട്ട ദീക്ഷ” എന്നാണു തന്റെ സമരത്തിന് ചന്ദ്രബാബു പേര് നൽകിയിരിക്കുന്നത്. സമരത്തിൽ ആന്ധ്രാ മന്ത്രിസഭയിലെ മന്ത്രിമാരും, എം.എൽ.എമാരും തെലുഗു ദേശം പാർട്ടിയുടെ എം.പിമാറും പങ്കെടുക്കും. സമരവുമായി ബന്ധപെട്ടു രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് നിവേദനപത്രികയും ചന്ദ്രബാബു സമർപ്പിക്കും.
2013ൽ, അന്ന് ഒറ്റ സംസ്ഥാനമായിരുന്ന ആന്ധ്രാ പ്രദേശിൽ നിന്നും മറ്റൊരു സംസ്ഥാനം ഉണ്ടാകുകയാണെങ്കിൽ,രണ്ടു സംസ്ഥാനങ്ങൾക്കും തുല്യ അവകാശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചന്ദ്രബാബു നായിഡു നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ സമരത്തിന്റെ അഞ്ചാം ദിവസം അദ്ദേഹത്തെ ബലം പ്രയോഗിച്ച് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിൽ 20,2018ൽ തന്റെ ജന്മദിനത്തിലും ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നിരാഹാരമിരുന്നു.
Also Read മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
ഞായറാഴ്ച ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമർശിച്ചിരുന്നു. ചന്ദ്രബാബു പുറകിൽ നിന്നും കുത്തുന്നവനും ജനങ്ങളുടെ സ്വപ്‌നങ്ങൾ തകർക്കുന്നവനുമാണെന്നുമായിരുന്നു മോദിയുടെ അധിക്ഷേപം. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതിനാൽ എൻ.ഡി.എ. സഖ്യത്തിൽ നിന്നും കഴിഞ്ഞ വർഷം ടി.ഡി.പി. പുറത്ത് വന്നിരുന്നു.