ലഖ്നൗ: ഉത്തര്‍പ്രദേശിലെ മധുരയിലുള്ള ചീഫ് മെഡിക്കല്‍ ഓഫീസിലെ സിലിണ്ടറില്‍ നിന്ന് ക്ലോറിന്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച 10 നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി മുതല്‍ വാതക ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
രാത്രി മുതലുണ്ടായ വാതക ചോര്‍ച്ച താത്ക്കാലികമായി നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും ചോര്‍ച്ച വീണ്ടും ആവര്‍ത്തിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാതക ചോര്‍ച്ച വിദ്യാര്‍ത്ഥികളിലും ഉദ്യോഗസ്ഥരിലും ശ്വാസതടസം ഉണ്ടാക്കിയെന്നും ജോലി ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടെന്നും സ്ഥാപനത്തിന്റെ അധികൃതര്‍ പറഞ്ഞു.
വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സി.എം.ഒ അധികൃതര്‍ കൃത്യമായി നടപടിയെടുത്തില്ലെന്നും ആരോപണം ഉയര്‍ന്നു. രാത്രി മുതല്‍ സിലിണ്ടറിന് പ്രശ്‌നമുണ്ടെങ്കിലും ചോര്‍ച്ച തടയാനുള്ള അടിയന്തര നടപടികള്‍ അധികൃതര്‍ എടുത്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവ സ്ഥലത്തേക്ക് ആംബുലന്‍സും അഗ്‌നിശമന സേനയെയും അയച്ചിട്ടുണ്ടെന്ന് മാത്രമാണ് അധികൃതര്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
സാഹചര്യത്തെ കുറിച്ച് അറിയാമായിരുന്നെങ്കിലും മുന്‍കൂട്ടി ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് രോഗബാധിതരായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തലകറക്കവും ഓക്കാനവും ശ്വാസംമുട്ടും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിലവില്‍ ആളപായമൊന്നുമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അജയ് വര്‍മ പറഞ്ഞു.
Content Highlight: Chlorine gas leak in Uttar Pradesh; 10 nursing students in the hospital