തമിഴ് സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന് മുമ്പ് താത്കാലികമായി ചിയാന്‍ 62 എന്നായിരുന്നു പേരിട്ടിരുന്നത്. വിക്രത്തിന് പുറമെ എസ്.ജെ. സൂര്യ ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ് വീര ധീര സൂരനില്‍ അഭിനയിക്കുന്നത്.
മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയുടെ ഭാഗമാകുന്നു എന്നത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍.
മാര്‍ച്ച് 27നാണ് ഈ സിനിമ തിയേറ്ററില്‍ എത്തുന്നത്. അതിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ സുരാജിനെ കുറിച്ച് പറയുകയാണ് വിക്രം.
സുരാജ് വെഞ്ഞാറമൂടിനെ അഭിമുഖത്തിന് വിളിച്ചാല്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ വെറും കാഴ്ചക്കാരായി കേട്ട് നില്‍ക്കേണ്ടി വരുമെന്നാണ് വിക്രം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം.
‘സത്യത്തില്‍ സുരാജിനെ ഇന്റര്‍വ്യൂവിന് വിളിച്ചാല്‍ ഞങ്ങളൊക്കെ ഓഡിയന്‍സായി കേട്ട് നില്‍ക്കേണ്ടി വരും (ചിരി). പിന്നെ സുരാജിനെ ചിത്ത സിനിമ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍, അതിന് ഒരു ഉദാഹരണം ഞാന്‍ പറയാം.
സംവിധായകന്‍ എസ്.യു. അരുണ്‍കുമാര്‍ ചെന്ന് സുരാജിന്റെ അടുത്ത് കഥ മുഴുവന്‍ പറഞ്ഞു കൊടുത്തു. എല്ലാം കേട്ടതും സുരാജിന് കഥ ഇഷ്ടമായി. അങ്ങനെ വീര ധീര സൂരന്‍ സിനിമക്ക് സുരാജ് ഓക്കെ പറഞ്ഞു.
പക്ഷെ അന്ന് കഥ നരേറ്റ് ചെയ്തപ്പോള്‍ ഒരു വാക്ക് പോലും സുരാജിന് മനസിലായിട്ടില്ല. മനസിലാകാതെയാണ് സുരാജ് സിനിമക്ക് ഓക്കെ പറഞ്ഞത് (ചിരി). കഥ മനസിലാകാതെയാണ് ഞാന്‍ ഓക്കെ പറഞ്ഞതെന്ന് എന്നോട് സുരാജ് തന്നെയാണ് പറഞ്ഞത്,’ വിക്രം പറയുന്നു.
Content Highlight: Chiyaan Vikram Talks About Suraj Venjaramoodu