തങ്കലാനിലെ പുതിയ പാട്ടെത്തി; 'അറുവാടയ്' പാടി ചിയാന്‍ വിക്രം; വീഡിയോ
Entertainment
തങ്കലാനിലെ പുതിയ പാട്ടെത്തി; 'അറുവാടയ്' പാടി ചിയാന്‍ വിക്രം; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th August 2024, 9:08 pm

തമിഴകത്തിന്റെ സൂപ്പര്‍താരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ വമ്പന്‍ തമിഴ് ചിത്രമാണ് തങ്കലാന്‍. സിനിമയിലെ ഏറ്റവും പുതിയ ഗാനം ഇന്ന് പുറത്തിറങ്ങി. അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഉമാദേവി വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ വിക്രം, സിന്ദുരി വിശാല്‍, മതിച്ചിയം ബാല, സുഗന്തി എന്നിവര്‍ ചേര്‍ന്നാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ തങ്കലാന്‍ കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുക. കേരളത്തില്‍ വമ്പന്‍ റിലീസായാണ് തങ്കലാന്‍ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക.

ദേശീയ അവാര്‍ഡ് ജേതാവായ ജി.വി. പ്രകാശ് കുമാര്‍ സംഗീതമൊരുക്കിയ തങ്കലാന്‍ ഓഗസ്റ്റ് പതിനഞ്ചിനാണ് ആഗോള റിലീസായി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ നിര്‍മിച്ച ഈ ചിത്രത്തില്‍ നായികാ വേഷങ്ങള്‍ ചെയ്യുന്നത് മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരാണ്.

പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍.കെ. ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എസ്.എസ്. മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പി.ആര്‍.ഒ.- ശബരി.

Content Highlight: Chiyaan Vikram’s Thangalaan Movie Aruvadai Song Out