ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ചിയാന്‍ വിക്രമിന്റെ പേര് തീര്‍ച്ചയായും ഉണ്ടാകും. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് വിക്രം എന്ന നടന്‍ തമിഴില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയത്. ആദ്യകാലങ്ങളില്‍ പ്രഭുദേവ, അബ്ബാസ് എന്നീ നടന്മാര്‍ക്ക് ഡബ്ബ് ചെയ്തത് വിക്രമായിരുന്നു. തമിഴിലും മലയാളത്തിലും സഹനടനായി ചെറിയ വേഷങ്ങള്‍ ചെയ്തും വിക്രം സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ചു.
ജീവിതം തന്നെ മാറ്റിമറിച്ച ബൈക്കപകടത്തില്‍ നിന്ന് ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ചിയാന്‍ തിരികെ വന്നത്. ബാല എന്ന സംവിധായകന്റെ ആദ്യസിനിമയായ സേതു വിക്രമിന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തോടൊപ്പം വിക്രമിന്റെ പെര്‍ഫോമന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ മോഹന്‍ലാലിന്റെ വാനപ്രസ്ഥത്തോടൊപ്പം വിക്രമിന്റെ പ്രകടനവും അവസാനനിമിഷം വരെ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു.
പിന്നീട് ദില്‍, ധൂള്‍, സാമി എന്നീ സിനിമകള്‍ അടുപ്പിച്ച് ഹിറ്റായതോടെ ഒരു സ്റ്റാര്‍ എന്ന നിലയിലും വിക്രം ഉയര്‍ന്നു. രജിനികാന്തിന് ശേഷം തുടരെ മൂന്ന് സൂപ്പര്‍ഹിറ്റുകള്‍ നേടിയ ആദ്യ നടന്‍ കൂടിയാണ് വിക്രം. തന്നിലെ നടന്റെ റേഞ്ച് കാണിച്ച സിനിമയായിരുന്നു പിതാമകന്‍. ഒരു ഡയലോഗ് പോലുമില്ലാത്ത സിത്തന്‍ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് നേടി. എം.ജി.ആറിനും കമല്‍ ഹാസനും ശേഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുന്ന നടനായി ചിയാന്‍ മാറി.
സ്റ്റാര്‍ഡത്തോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഒരേസമയം ചെയ്യുക എന്നത് ശ്രമകരമായ കാര്യമാണ്. എന്നാല്‍ വിക്രമിന് അത് വളരെ എളുപ്പമാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഭീമ പോലൊരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്തതിന് ശേഷം രാവണന്‍ പോലൊരു ക്ലാസിക് സിനിമ ചെയ്തത് അതിനുദാഹരണമാണ്. തമിഴില്‍ രാവണനായും ഹിന്ദിയില്‍ രാമനായും വിക്രം പകര്‍ന്നാടി.
ഏത് കഥാപാത്രമായാലും മുമ്പ് ചെയ്തവയുമായി യാതൊരു സാമ്യവും വരാതിരിക്കാനും വിക്രം ശ്രദ്ധിക്കാറുണ്ട്. അന്യനിലെ അമ്പി, റെമോ, അന്യന്‍ എന്നീ ഗെറ്റപ്പുകള്‍ അതിനുദാഹരണമാണ്. ശരീരഭാരം കൂട്ടിയും കുറച്ചും ‘ഐ’യില്‍ ഞെട്ടിച്ച വിക്രം പിന്നീട് സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്വല്പം പിന്നോട്ട് പോയി.
എന്നാല്‍ മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വിനലൂടെ ബോക്‌സ് ഓഫീസ് പവറും കാര്‍ത്തിക് സുബ്ബരാജിന്റെ കൂടെ ചെയ്ത മഹാനിലൂടെ തന്നിലെ നടനെയും വിക്രം ഒരിക്കല്‍ കൂടി കാണിച്ചു. വന്‍ സ്റ്റാര്‍ കാസ്റ്റില്‍ വന്ന പൊന്നിയിന്‍ സെല്‍വനിലെ ഷോ സ്റ്റീലര്‍ വിക്രം അവതരിപ്പിച്ച ആദിത്യ കരികാലന്‍ ആയിരുന്നു. മറ്റ് കഥാപാത്രങ്ങളെ അപേക്ഷിച്ച് കരികാലന് സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കില്‍ കൂടി സിനിമ മുഴുവന്‍ തന്റെ പേരിലാക്കന്‍ വെറും രണ്ട് സീന്‍ മാത്രമേ വിക്രമിന് വേണ്ടി വന്നുള്ളൂ.
ചോളരാജാവായ കരികാലന് ശേഷം വിക്രം ചെയ്തത് തങ്കലാന്‍ എന്ന സാധാരണ കര്‍ഷക കഥാപാത്രത്തെയായിരുന്നു. മൂന്ന് കാലഘട്ടത്തിലെ കഥാപാത്രങ്ങളെയാണ് വിക്രം തങ്കലാനില്‍ അവതരിപ്പിച്ചത്. ഓരോ കഥാപാത്രത്തിനും വ്യത്യസ്ത ബോഡി ലാംഗ്വേജ് നല്‍കി വിക്രം വീണ്ടും വിസ്മയിപ്പിച്ചു. ഇനിയും വിക്രമില്‍ നിന്ന് വിസ്മയിപ്പിക്കുന്ന വേഷങ്ങള്‍ വന്നുകൊണ്ടിരിക്കും. അതിനായി ഓരോ ആരാധകനും കാത്തിരിക്കുകയാണ്.
Content Highlight: Chiyaan Vikram’s perfomance in Thangalaan