| Thursday, 22nd August 2024, 8:06 am

എവിടെപ്പോയാലും എന്റെ ആ ഒരു സിനിമയെപ്പറ്റി ആളുകള്‍ പ്രത്യേകം സംസാരിക്കുന്നു: ചിയാന്‍ വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. കരിയറിന്റെ തുടക്കത്തില്‍ സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തുടങ്ങിയ വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത് ബാല സംവിധാനം ചെയ്ത സേതുവാണ്. പിന്നീട് തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് കാണാന്‍ സാധിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.

പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനാണ് വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം. മൂന്ന് കാലഘട്ടത്തിലെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ ചിയാന് പകര്‍ന്നാടിയിട്ടുണ്ട്. തങ്കലാന്‍, ആരന്‍, കാടയ്യന്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത ശരീരഭാഷ നല്‍കി വിക്രം വീണ്ടും അത്ഭുതപ്പെടുത്തിയെന്നാണ് സിനിമ കണ്ട പലരും അഭിപ്രയപ്പെടുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കരിയറിലെ രണ്ടാമത്തെ ദേശീയ അവാര്‍ഡ് തങ്കലാനിലൂടെ ചിയാന്‍ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

കരിയറില്‍ 60ലധികം ചിത്രങ്ങളില്‍ അഭിനിച്ച വിക്രം തന്റെ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ്. തങ്കലാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എവിടെപ്പയാലും സാമി, ധൂള്‍, പിതാമകന്‍ എന്നീ സിനിമകളെപ്പറ്റി പലരും സംസാരിക്കാറുണ്ടെന്നും മഹാനെപ്പറ്റിയാണ് ഇപ്പോള്‍ പലരും സംസാരിക്കുന്നതെന്നും വിക്രം പറഞ്ഞു.

തിയേറ്റര്‍ റിലീസ് വേണ്ടിയിരുന്ന സിനിമയായിരുന്നു അതെന്നും മഹാന്‍ എന്ന സിനിമ തനിക്ക് തന്നതിന് കാര്‍ത്തിക് സുബ്ബരാജിനോട് നന്ദിയുണ്ടെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. തങ്കാലാന്റെ സക്‌സസ് മീറ്റിലാണ് വിക്രം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ചെയ്ത സിനിമകളെല്ലാം വിജയിച്ചോ, ആളുകള്‍ സ്വീകരിച്ചോ എന്നുള്ളത് തിയേറ്റര്‍ റിസല്‍ട്ട് നോക്കിയിട്ടാണ്. പക്ഷേ മഹാന്‍ എന്ന സിനിമ ഒ.ടി.ടി റിലീസായാണ് ജനങ്ങളിലേക്ക് എത്തിയത്. അത് ഹിറ്റാണോ ആളുകള്‍ സ്വീകരിച്ചോ എന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും സംശയമാണ്. തങ്കലാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ പോയപ്പോള്‍ പലരും മഹാനെപ്പറ്റിയാണ് കൂടുതല്‍ സംസാരിച്ചത്. എനിക്ക് അത് അത്ഭുതമായി.

കഴിഞ്ഞ ദിവസം ഒരു കോളേജില്‍ പ്രൊമോഷന് പോയപ്പോള്‍ ഞാന്‍ ചുമ്മാ എന്റെ സിനിമകളുടെ പേരുകള്‍ പറഞ്ഞു. സാമി, ധൂള്‍, അന്ന്യന്‍, ഐ എല്ലാത്തിനും ആളുകള്‍ കൈയടിച്ചു. മഹാന്റെ പേര് പറഞ്ഞപ്പോള്‍ എല്ലാവരും വലിയ രീതിയില്‍ ബഹളമുണ്ടാക്കി. ആ സിനിമ എല്ലാവരും സ്വീകരിച്ചു എന്ന് അപ്പോള്‍ മനസിലായി. ആ സിനിമ എനിക്ക് തന്ന കാര്‍ത്തിക് സുബ്ബരാജിന് നന്ദി അറിയിക്കുകയാണ്. എന്റെ മകന്റെയൊപ്പം ആദ്യമായി അഭിനയിച്ച സിനിമ ഇത്ര വലിയ രീതിയില്‍ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി,’ വിക്രം പറഞ്ഞു.

Content Highlight: Chiyaan Vikram about Mahaan movie

We use cookies to give you the best possible experience. Learn more