|

പത്രിക സമര്‍പ്പിക്കാനെത്തിയത് പ്രവര്‍ത്തകരുടേയും നേതാക്കളുടെയും അകമ്പടിയില്‍, പത്രിക മാത്രം കൊണ്ടുവന്നില്ല; ചിരി പടര്‍ത്തി ചിറ്റയം ഗോപകുമാറിന്റെ പത്രികാ സമര്‍പ്പണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചിരിപടര്‍ത്തി മാവേലിക്കര ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പത്രികാ സമര്‍പ്പണം.

ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ മുന്നില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനെത്തിയ ചിറ്റയം ഗോപകുമാര്‍ പത്രിക എടുക്കാന്‍ മറന്നതാണ് പ്രവര്‍ത്തകരെ ആശങ്കയിലാക്കിയത്.

സജി ചെറിയാന്‍ എം.എല്‍.എ, സി.പി.ഐ നേതാക്കളായ പി പ്രസാദ്, ഇ.രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു പത്രിക സമര്‍പ്പിക്കനായി ചിറ്റയം ഗോപകുമാര്‍ എത്തിയത്.

11 മണിക്ക് പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കൃത്യസമയത്ത് തന്നെ പത്രിക സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഓയായ ഉപവരണാധികാരിയുടെ ചേംബറില്‍ സ്ഥാനാര്‍ത്ഥിയും നേതാക്കളും എത്തി.

പത്രിക നല്‍കാനായി ആര്‍.ഡി.ഒ ആവശ്യപ്പെട്ടപ്പോഴാണ് പത്രികയെവിടെയെന്ന ചോദ്യം ഉയര്‍ന്നത്. പത്രികയ്ക്കായി പ്രവര്‍ത്തകര്‍ മുഖത്തോട് മുഖം നോക്കിയെങ്കിലും പത്രിക മാത്രം ആരുടേയും കയ്യിലുണ്ടായിരുന്നില്ല.


ഇടതില്ലാത്ത ദേശം സ്വപ്‌നം കാണുന്ന ചെന്നിത്തലമാരും ഇരയാവുന്ന രാഹുല്‍ ഗാന്ധിയും


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാന്‍ മറന്ന വിവരം അപ്പോഴാണ് നേതാക്കളും പ്രവര്‍ത്തകരും മനസിവുന്നത്. ഇക്കാര്യം മനസ്സിലായതോടെ പ്രവര്‍ത്തകരെ പറഞ്ഞുവിട്ട് പത്രിക ഓഫീസില്‍ നിന്ന് എടുക്കുകയും ആര്‍.ഡി.ഒ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു.

തുടര്‍ന്ന് 11.15ന് പത്രിക സമര്‍പ്പിക്കുകയും ഉച്ചക്ക് 12.30ന് പത്രിക സമര്‍പ്പണ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ ആര്‍ഡിഒ അലക്സ് ജോസസ് മുന്‍പാകെയാണ് ചിറ്റയം ഗോപകുമാര്‍ പത്രിക സമര്‍പ്പിച്ചത്.

സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍, ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍, മാവേലിക്കര മണ്ഡലം കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് സജി ചെറിയാന്‍ എം എല്‍ എ, സെക്രട്ടറി പി പ്രസാദ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, നേതാക്കളായ കെ സോമപ്രസാദ് എം പി, ബി രാഘവന്‍, സി എസ് സുജാത, ആര്‍ രാജേഷ് എംഎല്‍എ, ജി ഹരിശങ്കര്‍, അഡ്വ. വി മോഹന്‍ദാസ്, എം എച്ച് റഷീദ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയിരുന്നു.