അതേത് യോഗി? എന്‍.എസ്.ഇയുടെ തലപ്പത്ത് ചിത്ര രാമകൃഷ്ണനെ നയിച്ചത് 'അജ്ഞാത യോഗി'യെന്ന് സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: നാഷ്ണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടറായിരിക്കെ ചിത്ര രാമകൃഷ്ണ പ്രവര്‍ത്തിച്ചത് അജ്ഞാതനായ യോഗിയുടെ നിര്‍ദേശപ്രകാരം സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതും ഉയര്‍ന്ന ശമ്പളം നിശ്ചയിച്ചതും വഴിവിട്ട് നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയതും അജ്ഞാത യോഗിയുടെ നിര്‍ദേശ പ്രകാരമെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്.
ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങള്‍ മുതല്‍ ശമ്പളം വരെ നിശ്ചയിച്ചിരുന്നതും ഈ അജ്ഞാതനാണ്. എന്നാല്‍ ഒരിക്കല്‍ പോലും ചിത്ര രാമകൃഷ്ണന്‍ ഇയാളെ നേരില്‍ കണ്ടിട്ടില്ല. ഈ വ്യക്തിയാണ് മൂന്ന് വര്‍ഷം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ നിര്‍ണായക തീരുമാനങ്ങളെടുത്തതെന്ന വിവരമാണ് പുറത്തുവരുന്നത്.
ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതമൂലം 2016ല്‍ എന്‍.എസ്.ഇ മാനേജിംഗ് പദവിയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്ന് സെബി നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തലുകള്‍. ചിത്ര രാമകൃഷ്ണന്റെ കാലയളവിലെ ഇടപാടുകളെക്കുറിച്ച് ഡയറക്ടര്‍ ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
അന്വേഷേണ കണ്ടെത്തുകളെകുറിച്ച് ക്രമ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ചിത്ര രാമകൃഷ്ണന് മൂന്ന് കോടിരൂപ സെബി പിഴ ചുമത്തി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് വിപണിയില്‍ ഇടപെടുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്.
എന്‍.എസ്.ഇയുടെ ബിസിനസ് പദ്ധതികള്‍, സാമ്പത്തിക വിശദാംശങ്ങള്‍ തുടങ്ങി ഡയറക്ടര്‍ ബോര്‍ഡിന്റെ
അജണ്ടകള്‍ വരെ ഈ അജ്ഞാത വ്യക്തിയുമായി ചിത്ര രാമകൃഷ്ണന്‍ പങ്കുവെച്ചുവെന്നാണ് കണ്ടെത്തല്‍.