| Tuesday, 4th February 2014, 10:50 am

ജസീറ സമരം പിന്‍വലിക്കാന്‍ സ്‌പോര്‍ണ്‍സര്‍ ചെയ്ത പാര്‍ട്ടി തീരുമാനിക്കണം: ചിറ്റില്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]എറണാകുളം: തന്റെ വീടിന് മുന്നില്‍ ജസീറ നടത്തുന്ന സമരം പിന്‍വലിക്കാന്‍ അത് സ്‌പോണ്‍സര്‍ ചെയ്ത പാര്‍ട്ടിക്കാര്‍ തന്നെ വിചാരിക്കണമെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റില്ലപ്പള്ളി.

സ്‌പോര്‍ണ്‍സര്‍ ചെയ്തവര്‍ വിചാരിച്ചാല്‍ മാത്രമേ സമരം അവസാനിക്കുകയുള്ളൂ. അല്ലാതെ തനിക്ക് അതില്‍ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാളുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം പാടില്ലെന്നതാണ് നിയമവശം. ഓഫീസിന് മുന്നിലോ സ്ഥാപനത്തിന് മുന്നിലോ ഇരിക്കുന്നത് പോലെയല്ല വീടിന് മുന്നില്‍ ഇരുന്നുള്ള സമരം.

പക്ഷേ അവര്‍ വഴിതടഞ്ഞുകൊണ്ടല്ല ഇരിക്കുന്നത്. അതുകൊണ്ട് എനിയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. പിന്നെ ജസീറയുടെ സമരം എല്ലാവരും ആഘോഷിക്കുകയാണല്ലോ, ഈ സമരവും മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ആഘോഷിക്കട്ടെയെന്നും ചിറ്റില്ലപ്പള്ളി പറഞ്ഞു.

അടിക്കടിയുണ്ടാകുന്ന സമരങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും എതിരെ പ്രതികരിക്കാനുള്ള ധൈര്യം കാണിച്ചതിനാണ് സന്ധ്യ എന്ന വീട്ടമ്മയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കിയത്.

അതിന് ശേഷം കേരളത്തിലെ മണല്‍മാഫിയയ്‌ക്കെതിരെ ഒരു വീട്ടമ്മയും 3 മക്കളും ദല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് ജസീറയ്ക്കുള്ള പാരിതോഷികം പ്രഖ്യാപിച്ചത്.

സന്ധ്യയ്ക്ക് പാരിതോഷികം നല്‍കുന്ന അതേ വേദിയില്‍ വെച്ച് തന്നെ ജസീറയ്ക്കും തുക നല്‍കാമെന്നും ചടങ്ങിന് എത്തണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം എത്താമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് വരില്ലെന്ന് അവര്‍ നിലപാട് മാറ്റി.

പ്രഖ്യാപിച്ച തുക നല്‍കില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ജസീറയുടെ കുട്ടികളുടെ പേരില്‍ തുക ബാങ്കിലിടാന്‍ ഇപ്പോഴും തയ്യാറാണെന്നും ചിറ്റിലപ്പിള്ളി വ്യക്തമാക്കി.

തന്നെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അതുകൊണ്ട് തന്നെ സംഭവത്തെ കുറിച്ച് ജനങ്ങളെ അറിയിക്കേണ്ട ബാധ്യത തനിയ്ക്കുണ്ടെന്നും ചിറ്റില്ലപ്പള്ളി പറഞ്ഞു.

അതേസമയം തനിക്ക് നല്‍കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപ ഇതു വരെ ചിറ്റിലപ്പള്ളി നല്‍കിയിട്ടില്ലെന്നും പരസ്യത്തിന് വേണ്ടി ചിറ്റിലപ്പള്ളി തന്റെ പേര് ഉപയോഗിക്കുകയായിരുന്നുവെന്നുവെന്നുമാണ് ജസീറയുടെ ആരോപണം.

തന്റെ സമരത്തിന് നല്‍കിയ സമ്മാനമായിരുന്നു അത്. പക്ഷേ തന്നെ ഉപയോഗിച്ച് കൈയടി നേടാനാണ് ചിറ്റിലപ്പിള്ളി ശ്രമിച്ചതെന്ന് ജസീറ  പറഞ്ഞു.

മക്കള്‍ക്കല്ല, തന്റെ കൈയിലാണ് പണം നല്‍കേണ്ടത്. അതിന് കഴിയില്ലെങ്കില്‍ തുക പിന്‍വലിക്കുന്നതായി മാധ്യമങ്ങള്‍ക്കുമുമ്പാകെ ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിക്കണം. അതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും ജസീറ പറഞ്ഞു

We use cookies to give you the best possible experience. Learn more