| Monday, 12th January 2015, 2:11 pm

ചിത്രലേഖ തോല്‍ക്കില്ല സമരവുമായി മുന്നോട്ടെന്ന് ഡൂള്‍ ന്യൂസിനോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സമരവുമായി മുന്നോട്ട് പോകുമെന്ന് ജീവിക്കാന്‍ വേണ്ടി പത്ത് വര്‍ഷമായി പോരാടുന്ന ചിത്രലേഖ. ഡൂള്‍ ന്യൂസിനോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സമരവുമായി മുന്നോട്ട് പോകുമെന്നും അതോടൊപ്പം പുനരധിവാസ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സമിതി പറയുന്ന സ്ഥലത്ത് വീടും സ്ഥലവും വാങ്ങി താമസിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ചിത്രലേഖ പറഞ്ഞു.

ജില്ലാ കളക്ടര്‍ കേസ് പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഇതുവരെ തങ്ങള്‍ക്കെതിരെയുള്ള കേല് പിന്‍വലിച്ചിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18 വീണ്ടും തനിക്കും ഭര്‍ത്താവിനുമെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുകയാണ് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

ചിത്രലേഖ സമരത്തില്‍ നിന്ന് പിന്മാറുന്നു എന്ന വാര്‍ത്തകള്‍ ഇന്ന്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിറന്ന നാട്ടില്‍ ഓട്ടോ ഓടിച്ച് ജീവിക്കാന്‍ പത്ത് വര്‍ഷമായി പൊരുതുന്ന ദളിദ് യുവതി ഒടുവില്‍ പിന്മാറുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നിരുന്നത്.

2005ലാണ് തൊഴില്‍ ചെയ്യാനും ജീവിക്കുന്നതിനുമായി ചിത്രലേഖ പോരാട്ടം തുടങ്ങിയിരുന്നത്. കഴിഞ്ഞ 77 ദിവസമായി ചന്ദ്രലേഖ കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ സമരത്തിലാണ്. സമരം സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്തതിനാലും തിരികെ പോയി സ്വസ്ഥമായി ജീവിക്കാന്‍ മണ്ണില്ലാത്തതിനാലുമാണ് പയ്യന്നൂര്‍ വിടുന്നതെന്നാണ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നത്.

2005 ല്‍ ഒരു ഓട്ടോ വാങ്ങിയതോടെയാണ് ചിത്രലേഖയുടെ ജീവിതം മാറിമറിഞ്ഞത്. എടാട്ട് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓട്ടോ ഓടിച്ചത്തെിയ ദളിത് യുവതിയെ “പുലച്ചിയും ഓട്ടോ ഓടിക്കുകയോ” എന്ന പരിഹാസവുമായി സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോ ഡ്രൈവര്‍മാര്‍ തടയുകയും ഇവരെ ഓട്ടോ ക്യൂവില്‍ നിന്ന് അകറ്റുകയും ചെയ്തു. അതോടെ ചിത്രലേഖയ്ക്ക് ട്രിപ്പുകള്‍ കിട്ടാതായി.

ചിത്രലേഖയ്ക്ക് ഫോണ്‍ മുഖേനെ ട്രിപ്പുകള്‍ കിട്ടാന്‍ തുടങ്ങിയത് അവരെ പ്രകോപിപ്പിച്ചു. ഓട്ടോ തകര്‍ത്തുകൊണ്ടായിരുന്നു അവര്‍ പ്രതികാരം തീര്‍ത്തത്. ഈ കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി ഒരാളെ ശിക്ഷിച്ചിരുന്നു. ഓട്ടോ ഇല്ലാതായതോടെ ചിത്രലേഖ പായമെടഞ്ഞ് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍, എതിരാളികള്‍ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ കൊല്ലാന്‍ ശ്രമിച്ചു. അനുജത്തിയുടെ ഭര്‍ത്താവിന് വെട്ടേറ്റു.

മൂന്നുതവണ വീടുപൊളിച്ചു. നാലുതവണ ആക്രമിച്ചു. പരാതി നല്‍കിയ ചിത്രലേഖയും ഭര്‍ത്താവും കേസില്‍ പ്രതികളായി. ചിത്രലേഖക്കും ഭര്‍ത്താവിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇതേതുടര്‍ന്ന് ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് ഹൈകോടതി ജാമ്യം നല്‍കി. അയല്‍ക്കാരുടെ കാരുണ്യത്തിലായിരുന്നു  പിന്നീട് അവരുടെ ജീവിതം.

കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ടോയ്‌ലറ്റിന്റെ തുക പോലും എതിരാളികള്‍ തടഞ്ഞുവെപ്പിച്ചു. ഇതിനെ എതിര്‍ത്തതിന് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ കേസില്‍ ചിത്രലേഖ ജയിലിലായി. ഭര്‍ത്താവിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി.

ചിത്രലേഖ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2014 ഏപ്രിലില്‍ കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. തുടര്‍ന്ന് ചിത്രലേഖക്കെതിരെയുള്ള വധശ്രമക്കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും പൊലീസ് ഇതിന് എതിരായിരുന്നു.

വീണ്ടും പൗരാവകാശ, മനുഷ്യാവകാശ സംഘടനകളുടെ പിന്തുണയോടെ പുനരാരംഭിച്ച സമരം കഴിഞ്ഞ ദിവസം 77 ദിവസം പിന്നിട്ടിരുന്നു.

We use cookies to give you the best possible experience. Learn more