ജീവിക്കാന്‍ വേണ്ടി ചിത്രലേഖ നടത്തുന്ന പോരാട്ടം അവസാനിപ്പിക്കുന്നു
Daily News
ജീവിക്കാന്‍ വേണ്ടി ചിത്രലേഖ നടത്തുന്ന പോരാട്ടം അവസാനിപ്പിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th January 2015, 9:45 am

chithralehha-01കണ്ണൂര്‍: ജീവിക്കാന്‍ വേണ്ടി പത്ത് വര്‍ഷമായി പോരാടുന്ന ദലിത് യുവതി ചിത്രലേഖ തന്റെ പോരാട്ടം അവസാനിപ്പിച്ച് ജന്മനാട് വിടാനൊരുങ്ങുന്നു. പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയാണ് ചിത്രലേഖ.

2005ലാണ് തൊഴില്‍ ചെയ്യാനും ജീവിക്കുന്നതിനുമായ ചിത്രലേഖ പോരാട്ടം തുടങ്ങിയിരുന്നത്. കഴിഞ്ഞ 77 ദിവസമായി ചന്ദ്രലേഖ കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ സമരത്തിലാണ്. സമരം സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്തതിനാലും തിരികെ പോയി സ്വസ്ഥമായി ജീവിക്കാന്‍ മണ്ണില്ലാത്തതിനാലുമാണ് പയ്യന്നൂര്‍ വിടുന്നതെന്ന് ചിത്രലേഖ പറയുന്നു.

2005 ല്‍ ഒരു ഓട്ടോ വാങ്ങിയതോടെയാണ് ചിത്രലേഖയുടെ ജീവിതം മാറിമറിഞ്ഞത്. എടാട്ട് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓട്ടോ ഓടിച്ചത്തെിയ ദലിത് യുവതിയെ “പുലച്ചിയും ഓട്ടോ ഓടിക്കുകയോ” എന്ന പരിഹാസവുമായി സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോ ഡ്രൈവര്‍മാര്‍ തടയുകയും ഇവരെ ഓട്ടോ ക്യൂവില്‍ നിന്ന് അകറ്റുകയും ചെയ്തു. അതോടെ ചിത്രലേഖയ്ക്ക് ട്രിപ്പുകള്‍ കിട്ടാതായി.

ചിത്രലേഖയ്ക്ക് ഫോണ്‍ മുഖേനെ ട്രിപ്പുകള്‍ കിട്ടാന്‍ തുടങ്ങിയത് അവരെ പ്രകോപിപ്പിച്ചു. ഓട്ടോ തകര്‍ത്തുകൊണ്ടായിരുന്നു അവര്‍ പ്രതികാരം തീര്‍ത്തത്. ഈ കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി ഒരാളെ ശിക്ഷിച്ചിരുന്നു.

ഓട്ടോ ഇല്ലാതായതോടെ ചിത്രലേഖ പായമെടഞ്ഞ് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍, എതിരാളികള്‍ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ കൊല്ലാന്‍ ശ്രമിച്ചു. അനുജത്തിയുടെ ഭര്‍ത്താവിന് വെട്ടേറ്റു.

മൂന്നുതവണ വീടുപൊളിച്ചു. നാലുതവണ ആക്രമിച്ചു. പരാതി നല്‍കിയ ചിത്രലേഖയും ഭര്‍ത്താവും കേസില്‍ പ്രതികളായി. ചിത്രലേഖക്കും ഭര്‍ത്താവിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇതേതുടര്‍ന്ന് ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് ഹൈകോടതി ജാമ്യം നല്‍കി. അയല്‍ക്കാരുടെ കാരുണ്യത്തിലായിരുന്നു  പിന്നീട് അവരുടെ ജീവിതം.

കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ടോയ്‌ലറ്റിന്റെ തുക പോലും എതിരാളികള്‍ തടഞ്ഞുവെപ്പിച്ചു. ഇതിനെ എതിര്‍ത്തതിന് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ കേസില്‍ ചിത്രലേഖ ജയിലിലായി. ഭര്‍ത്താവിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി.

ചിത്രലേഖ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2014 ഏപ്രിലില്‍ കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. തുടര്‍ന്ന് ചിത്രലേഖക്കെതിരെയുള്ള വധശ്രമക്കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും പൊലീസ് ഇതിന് എതിരായിരുന്നു.

വീണ്ടും പൗരാവകാശ, മനുഷ്യാവകാശ സംഘടനകളുടെ പിന്തുണയോടെ പുനരാരംഭിച്ച സമരം കഴിഞ്ഞ ദിവസം 77 ദിവസം പിന്നിട്ടു. ജീവിക്കാനാണ് പയ്യന്നൂര്‍ വിടുന്നതെന്നാണ് ചിത്രലേഖ പറയുന്നത്.

ദളിത് സ്ത്രീകളുടെ അവകാശങ്ങള്‍ ഈ നാടിനു “മനുഷ്യാവകാശപ്രശ്‌നം അല്ലാത്തത് കൊണ്ടായിരിക്കാം  ചിത്രലേഖയെപ്പോലെ ആര്‍ജവമുള്ള ഒരു സ്ത്രീക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് ദളിത് സാമൂഹ്യ പ്രവര്‍ത്തക പ്രവീണ താലി ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ പറഞ്ഞു.

“എന്തായാലും ചിത്രലേഖയെപ്പോലുള്ള ഒരു ദളിത് സ്ത്രീ നാട് വിടുമ്പോള്‍ അഴിഞ്ഞു വീഴുന്നത് കേരളീയരുടെ പുരോഗമ മുഖം മൂടിയാണ്. ഇനിയെങ്കിലും ചിത്രലേഖയുടെ നേര്‍ക്കുള്ള അതിക്രമത്തെ സി.പി.എം ഗുണ്ടായിസം മാത്രമായി വായിക്കാതിരിക്കുക.” അവര്‍ വ്യക്തമാക്കി.

അവരെ ഊര് വിലക്കുന്നതുവരെയുള്ള നടപടികളിലേക്ക് എത്തിച്ചേരുന്ന ദളിത് ഇതര ജാതികളുടെ ഈ പ്രവര്‍ത്തിയെ ദളിത് സ്ത്രീകള്‍ക്ക് ഭയപ്പടോടുകൂടി മാത്രമേ കാണാന്‍ കഴിയുള്ളൂവെന്നും പ്രവീണ പറയുന്നു.