| Thursday, 19th November 2020, 12:14 pm

'എന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട'; മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന റിപ്പോര്‍ട്ടിനെതിരെ ചിത്രലേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്‌ലാം മതം സ്വീകരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തക്ക് പിന്നാലെ വിവാദങ്ങള്‍ ശക്തമാകുന്നു. ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ചിത്രലേഖ രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ആരും ശ്രമിക്കേണ്ടെന്നാണ് ചിത്രലേഖ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്.

നവംബര്‍ 17നാണ് ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്ന് ചിത്രലേഖ ഫേസ്ബുക്കിലൂടെ അറിയിച്ചത്. സി.പി.ഐ.എമ്മില്‍ നിന്നും കടുത്ത ജാതിവിവേചനവും നിരന്തര ആക്രമണവും വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാലാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നതെന്നുമായിരുന്നു ചിത്രലേഖ അറിയിച്ചത്. ചിത്രലേഖയുടെ നിലപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ചിത്രലേഖ പറയുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.

പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയതുകൊണ്ടാണ് മതം മാറാന്‍ തീരുമാനിച്ചതെന്ന് ചിത്രലേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രണ്ടു തവണ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്നും മതംമാറ്റ പ്രഖ്യാപനം ഉടന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ചിത്രലേഖ ഈ വീഡിയോയില്‍ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ചിത്രലേഖ രംഗത്തെത്തി. ‘ഞാന്‍ മതം മാറാന്‍ ആഗ്രഹിക്കുന്നത് ഇസ്‌ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്‌ലിം സംഘടനയിലേക്കല്ല, ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്നുള്ള ഒളിക്യാമറ വാര്‍ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല.’

വീട് വെക്കാന്‍ സാമ്പത്തികമായി സഹായിക്കാമെന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പല ഘട്ടങ്ങളിലായി തന്നെ സഹായിച്ചിട്ടുണ്ടെന്നും അന്നൊന്നും വാര്‍ത്തയാക്കാതെ ഇപ്പോള്‍ മാത്രം വാര്‍ത്തയാകുന്നതിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ചിത്രലേഖ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘ഒന്ന് ചിത്രലേഖക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന വംശീയമായ തന്ത ചമയല്‍, രണ്ടാമത് ചിത്രലേഖ തീവ്രവാദി ആണെന്ന ധാരണ ഉണ്ടാക്കല്‍…അതുകൊണ്ട് ഏഷ്യാനെറ്റ് എന്നെ തീവ്രവാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടണ്ട. ഇതേ കേരളത്തില്‍ ”വേശ്യ’ എന്ന വിളിപ്പേര് കുറെ കേട്ടതാണ്. ഇനി ഇതും കൂടെ ആകട്ടെ.’ ചിത്രലേഖ പറയുന്നു.

ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇസ് ലാം മതത്തിലേക്ക് വന്നാല്‍ പ്രാദേശികമായി സംരക്ഷണം നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dalit Auto Driver Chithralekha against Asianet News report saying Popular Front is behind her conversion to Islam

We use cookies to give you the best possible experience. Learn more