| Friday, 6th April 2018, 11:03 am

'ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി'; ആരോപണവുമായി ചിത്രലേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്കു വീടു വെക്കാന്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചു സെന്റ് ഭൂമി എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കി. ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി എന്ന് ചിത്രലേഖ പറഞ്ഞു. എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നേയും കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത് എന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചിത്രലേഖ പറഞ്ഞു.

ചിറയ്ക്കല്‍ പഞ്ചായത്തില്‍ രണ്ടു വര്‍ഷം മുന്‍പു സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കുന്നതായി റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ഉത്തരവിന്റെ പകര്‍പ്പും ചിത്രലേഖ ഫേസ്ബുക്കില്‍ പങ്കുവെച്ചു. കഴിഞ്ഞ ദിവസമാണ് ചിത്രലേഖയ്ക്കു ഉത്തരവ് ലഭിച്ചത്. സന്നദ്ധ സംഘടനയുടെ സഹായത്തോടെ അഞ്ചു സെന്റില്‍ വീടു പണി പൂര്‍ത്തിയാവാനിരിക്കെയാണു സര്‍ക്കാരിന്റെ ഈ തീരുമാനം ഉണ്ടായത്.

എടാട്ട് ആറു സെന്റ് ഭൂമി ചിത്രലേഖയ്ക്കു സ്വന്തമായുണ്ടെന്നതാണു ഭൂമിദാനം റദ്ദാക്കാന്‍ റവന്യൂ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്ന കാരണം. എന്നാല്‍, എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മയ്ക്കു സര്‍ക്കാരില്‍നിന്നു പതിച്ചു കിട്ടിയതാണെന്നും, അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു.


Read Also : പ്രതിപക്ഷ എം.പിമാര്‍ക്കിടയില്‍ മോദി സര്‍ക്കാര്‍ ചാരപ്പണി നടത്തുന്നു; ഗുരുതര ആരോപണവുമായി കേരളാ എം.പിമാര്‍ ലോക്‌സഭയില്‍


വീടുവയ്ക്കാന്‍ അഞ്ചു ലക്ഷം കൂടി നല്‍കുമെന്നും പറഞ്ഞിരുന്നുവെങ്കിലും പിന്നീടു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കുക്കയായിരുന്നു. കെ.എം.ഷാജി എം.എല്‍.എയുടെയും അബൂദാബിയിലെ മുസ്ലിം ലീഗ് കൂട്ടായ്മയായ ഗ്രീന്‍വോയ്‌സിന്റെയും സഹായത്തോടെ അഞ്ചു സെന്റില്‍ വീടു പണി പൂര്‍ത്തിയാവാറായിട്ടുണ്ട്.

സി.പി.ഐ.എം സി.ഐ.ടി.യു പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്നു ജോലി പല തവണ അവസാനിപ്പിക്കേണ്ടി വന്ന പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004 ലാണ് എടാട്ട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചു തുടങ്ങിയത്. പലവിധ എതിര്‍പ്പുകളും മറികടന്നാണ് പാര്‍ട്ടിഗ്രമാത്തില്‍ ജീവിക്കുന്നത്. മുമ്പ് ഓട്ടോ തീവച്ചു നശിപ്പിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളും പൗരാവകാശ പ്രവര്‍ത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിക്കപ്പെട്ടിരുന്നു.


Read Also : വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ എം.പി സ്ഥാനം രാജിവെച്ചു


പിന്നീട്  ഏടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തില്‍ 2014-15ല്‍ നാലു മാസത്തോളം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ കുടിലുകെട്ടി ചിത്രലേഖ രാപകല്‍ സമരം നടത്തിയിരുന്നു. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്‍പിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചിറയ്ക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ അഞ്ചു സെന്റ് ചിത്രലേഖയ്ക്ക അനുവദിച്ചത്. നിലവില്‍ കാട്ടാമ്പള്ളിയില്‍ വാടക വീട്ടിലാണു താമസം.

We use cookies to give you the best possible experience. Learn more