പ്രണയവിവാഹത്തിന് നിരോധനം: അസാര ഗ്രാമത്തിനെതിരെ നടപടിയെടുക്കുമെന്ന് ചിദംബരം
India
പ്രണയവിവാഹത്തിന് നിരോധനം: അസാര ഗ്രാമത്തിനെതിരെ നടപടിയെടുക്കുമെന്ന് ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th July 2012, 8:00 am

ന്യൂദല്‍ഹി: പ്രണയ വിവാഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അസാര ഗ്രാമപഞ്ചായത്തിന്റെ ഉത്തരവിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. നിയമവിരുദ്ധമായ ഉത്തരവുകള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നിര്‍ദേശം നല്കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
[]
ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്ത് യോഗത്തിലായിരുന്നു ജനാധിപത്യത്തിനു നിരക്കാത്ത ശാസനം പുറപ്പെടുവിച്ചത്. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം ശാസനങ്ങള്‍ക്കു സ്ഥാനമില്ലെന്ന് ചിദംബരം വ്യക്തമാക്കി. ശാസനം ലംഘിക്കുന്നവര്‍ക്ക് യാതൊരു രീതിയിലുള്ള പീഢനവും ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും ചിദംബരം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയും പ്രണയവിവാഹം നടത്തുന്നവര്‍ക്കെതിരെയുമുള്ള ഗ്രാമപഞ്ചായത്തിന്റെ നടപടിയില്‍ കേന്ദ്ര-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അസാര പഞ്ചായത്ത് ഉള്‍പ്പെടുന്ന ബാഗ്പത് ജില്ലാഭരണകൂടത്തോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, സംഭവം അന്വേഷിക്കാനെത്തിയ സബ്ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമീണരുടെ ആക്രമണത്തിനിരയായും പരാതിയുണ്ട്.   പ്രണയവിവാഹം നടത്തുന്നവരെ ഗ്രാമത്തില്‍ നിന്നു പുറത്താക്കുമെന്നും സ്ത്രീകളും പെണ്‍കുട്ടികളും പുറത്തുപോകുന്നതിനും, മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനുമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.