| Saturday, 10th December 2016, 11:20 am

2300 കോടി നോട്ട് പിന്‍വലിച്ചപ്പോള്‍ അച്ചടിച്ചത് 300 കോടി മാത്രം: നോട്ട് അസാധുവാക്കലില്‍ വന്‍ അഴിമതിയെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുമാറ്റം വന്‍ അഴിമതിയെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. കോടികളുടെ രണ്ടായിരം രൂപ നോട്ട് പിടിച്ചത് ഇതിനു തെളിവാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചിദംബരം പറഞ്ഞു.

കഴിഞ്ഞ ദിവസം 24000 രൂപ പിന്‍വലിക്കുന്നതിനായി ചെക്കുമായി താന്‍ ബാങ്കില്‍ ചെന്നിരുന്നു. എന്നാല്‍ പണമില്ലെന്നു പറഞ്ഞ് അത് തിരിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ പിടിച്ചെടുത്തത് 106 കോടി രൂപയാണ്. ഇതില്‍ കൂടുതലും 2000 രൂപ നോട്ടായിരുന്നു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പൊതുരംഗത്തെ അഴിമതി രണ്ടായിരം രൂപയുടെ നോട്ടിലേക്ക് മാറിയിരിക്കുകയാണ്. 2300 കോടി നോട്ടുകള്‍ പിന്‍വലിച്ചിട്ട് അടിച്ചത് 300 കോടി മാത്രമാണ്. പ്രതിസന്ധി അമ്പത് ദിവസം കൊണ്ടൊന്നും പരിഹരിക്കാന്‍ സാധിക്കില്ല, നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസമെങ്കിലും വേണം. കുഗ്രാമങ്ങള്‍ പോലും കറന്‍സി രഹിതമാകുമെന്ന വാദം വിഡ്ഢിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.


സാധാരണക്കാര്‍ക്ക് ഒരു 2000 രൂപ പോലും കിട്ടാത്ത സാഹചര്യത്തില്‍ അവര്‍ക്ക് ഇത്രയും നോട്ട് എങ്ങനെയാണ് ലഭിച്ചത്. ഇത് വലിയ അഴിമതിയാണ്. നോട്ട് അച്ചടിക്കുന്നതിനൊപ്പം കള്ളപ്പണക്കാരിലേക്ക് എത്തുന്നുണ്ടാകും. ഇവരിലേക്ക് പണമെത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ചിദംബരം പ്‌റഞ്ഞു.

നോട്ട് നിരോധനത്തിലൂടെ കള്ളനോട്ട് തടയാനാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ ഉളളത് ഡോളറിലാണ്. ആറുമാസത്തിനകം പുതിയ കറന്‍സിയുടെ കളളനോട്ടും സജീവമാകുന്നത് പ്രതീക്ഷിക്കാം.

ലോകം നമ്മളെ നോക്കി ചിരിക്കുകയാണ്. ലോകമാധ്യമങ്ങള്‍ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ദിനംപ്രതി ലേഖനങ്ങള്‍ എഴുതുകയാണ്. മറ്റൊരു രാജ്യവും പ്രചാരത്തിലുള്ള പണത്തിന്റെ 86 ശതമാനം ഒരിക്കലും പിന്‍വലിച്ചിട്ടില്ല.

കുഗ്രാമങ്ങള്‍ പോലും കറന്‍സി രഹിതമാകുമെന്ന വാദം വിഡ്ഢിത്തരമാണ്. ഏതൊരു രാജ്യത്തായാലും ചെറിയ ഇടപാടുകള്‍ക്കായി പണം ആവശ്യമാണ്. വലിയ ഇടപാടുകള്‍ ഡിജിറ്റലില്‍ ആകാം. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചിദംബരം പറഞ്ഞു.

ഇന്നലെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവും സാമ്പത്തിക കാര്യ വിദഗ്ധനുമായ മന്‍മോഹന്‍ സിങ് മോദിക്കെതിരെയും ബി.ജെ.പി ക്കെതിരെയും  വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രി ആയിരുന്ന ചിദംബരവും വിമര്‍ശനവുമായി എത്തിയത്.

We use cookies to give you the best possible experience. Learn more