Film News
തെലുങ്കിലെ സ്റ്റീഫന്‍ നെടുമ്പള്ളി സല്‍മാനൊപ്പം ഡാന്‍സ് കളിക്കും; ഗോഡ്ഫാദറില്‍ കൊറിയോഗ്രാഫറായി പ്രഭുദേവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 03, 05:19 am
Tuesday, 3rd May 2022, 10:49 am

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍ എന്ന സിനിമ. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിത്രം.

ഗോഡ്ഫാദറില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇരുവരും ഒന്നിച്ചൊരു ഡാന്‍സ് നമ്പറും ചിത്രത്തില്‍ ചെയ്‌തേക്കുമെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിരഞ്ജീവിയും സംവിധായകന്‍ മോഹന്‍ രാജയും കൊറിയോഗ്രാഫര്‍ പ്രഭുദേവയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സംഗീത സംവിധായകന്‍ എസ്. എസ്. തമന്‍ ട്വീറ്റ് ചെയ്തിരുന്നു.

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം കൊണിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയാണ് ഗോഡ്ഫാദറില്‍ എത്തുന്നത്. എസ്. എസ്. തമന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സത്യദേവ് കാഞ്ചരണ, ഗംഗവ്വ, പൂരി ജഗനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും വലിയ ശ്രദ്ധ നേടിയതോടെയാണ് ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത്. അടുത്തിടെ സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും തെലുങ്കില്‍ ഭീംല നായക് എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു.

പൃഥ്വിരാജും ബിജു മേനോനും ചെയ്ത കഥാപാത്രങ്ങളെ യഥാക്രമം പവന്‍ കല്യാണ്‍, റാണാ ദഗുപതി എന്നിവരാണ് അവതരിപ്പിച്ചത്.

Content Highlight:Chiranjeevi will dance with Salman Khan in Godfather