|

ആമിര്‍ഖാനൊപ്പമിരുന്ന് ലാല്‍ സിങ് ചദ്ദ കണ്ട് മെഗാസ്റ്റാര്‍, ഒപ്പം രാജമൗലിയും; വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ഖാന്റെ ലാല്‍ സിങ് ചദ്ദ. ആഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ ഷോ നടന്നിരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഹൈദരാബാദില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നത്. സംവിധായകന്‍ രാജമൗലി, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന, റാം ചരന്‍, നാഗചൈതന്യ തുടങ്ങിയവരും ചിത്രം കണ്ടു. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ കൈറ്റോ എയര്‍പോര്‍ട്ടില്‍ വെച്ച് ചിത്രത്തെ പറ്റി ആമിര്‍ഖാനുമായി സംസാരിക്കാന്‍ സാധിച്ചു എന്നും അതാണ് ലാല്‍ സിങ് ചദ്ദയുടെ ഭാഗമാകാന്‍ കാരണമായത് എന്നും അദ്ദേഹം പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലാല്‍ സിങ് ചദ്ദ തെലുങ്കില്‍ താനാണ് വിതരണം ചെയ്യുന്നത് എന്ന കാര്യം ചിരഞ്ജീവി പറഞ്ഞത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോ തന്റെ വീട്ടില്‍ ഒരുക്കിയതിന് നന്ദിയെന്നും ചിരഞ്ജീവി ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

1994 ല്‍ ടോം ഹാങ്ക്‌സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്‌റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ദ ഒരുങ്ങുന്നത്. 2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ദയുടെയും സംവിധായകന്‍. ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ. കരീന കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2018 ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വാന്തമാക്കിയത്.

Content Highlight : Chiranjeevi shares the video of special preview show of Aamir khan’s Lal singh Chaddha