| Thursday, 6th October 2022, 4:18 pm

പ്രേം നസീറിന്റേയും ജയലളിതയുടെയും എം.ജി. ആറിന്റേയും ചിത്രങ്ങള്‍ മാത്രം കാണിച്ചു, സൗത്ത് ഇന്ത്യന്‍ സിനിമ അപമാനിതമായതുപോലെ തോന്നി: ചിരഞ്ജീവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1988ല്‍ നര്‍ഗീസ് ദത്ത് അവാര്‍ഡില്‍ വെച്ച് അപമാനിക്കപ്പെട്ടത് പോലെ തോന്നിയിട്ടുണ്ടെന്ന് ചിരഞ്ജീവി. താന്‍ അഭിനയിച്ച രുദ്രവീണ എന്ന ചിത്രത്തിന് ലഭിച്ച അവാര്‍ഡ് വാങ്ങാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് ചിരഞ്ജീവി വിവരിച്ചത്.

‘1988ല്‍ നാഗ ബാബുവിനൊപ്പം രുദ്രവീണ എന്നൊരു ചിത്രം ഞാന്‍ ചെയ്തിരുന്നു.
ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് രുദ്രവീണക്ക് ലഭിച്ചു. അത് വാങ്ങാനായി ഞങ്ങള്‍ ദല്‍ഹിയിലേക്ക് പോയി.

ആ ഹാളിലെ ഭിത്തിയില്‍ മുഴുവന്‍ ഇന്ത്യന്‍ സിനിമയുടെ മഹത്വം വിളിച്ചോതുന്ന ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ടായിരുന്നു. പൃഥ്വിരാജ് കപൂര്‍, രാജ് കപൂര്‍, ദിലീപ് കുമാര്‍, ദേവ് ആനന്ദ്, അമിതാഭ് ബച്ചന്‍, രാജേഷ് ഖന്ന, ധര്‍മേന്ദ്ര തുടങ്ങിയവരെയാണ് ചിത്രങ്ങളില്‍ കണ്ടത്. വലിയ സ്‌ക്രീനില്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മനോഹരമായ വിവരണങ്ങളും നല്‍കി. ഹിന്ദി സിനിമയിലെ നടിമാരേയും സംവിധായകരേയും പുകഴ്ത്തി.

സൗത്ത് ഇന്ത്യന്‍ സിനിമയെ പറ്റിയും ഇതുപോലെ ഡീറ്റെയ്ല്‍ഡായി അവര്‍ വിവരിക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അവര്‍ എം.ജി.ആറും ജയലളിതയും ഡാന്‍സ് കളിക്കുന്ന ഒരു ചിത്രം കാണിച്ചു, ഇന്ത്യയില്‍ ഏറ്റവുമധികം സിനിമകളില്‍ ഹീറോയായി അഭിനയിച്ച പ്രേം നസീറിനേയും കാണിച്ചു, അത്രയും മാത്രമാണ് സൗത്ത് ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ അവര്‍ നല്‍കിയ വിവരണം.

ഡോ. രാജ്കുമാര്‍, എന്‍.ടി. രാമാറാവോ, ശിവാജി ഗണേശന്‍ എന്നിവരൊക്കെ ഞങ്ങള്‍ക്ക് ദൈവതുല്യരാണ്. അവിടെ ഇവരുടെയൊന്നും ഒറ്റ ചിത്രമില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് അപമാനകരമായിരുന്നു. വളരെ സങ്കടം തോന്നി. ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ അവര്‍ പ്രോജക്ട് ചെയ്തത് ഹിന്ദി സിനിമയെ ആയിരുന്നു. മറ്റ് ഇന്‍ഡസ്ട്രികളെയും പ്രാദേശിക ഭാഷകളിലുള്ള സിനിമകളേയും റദ്ദാക്കികളഞ്ഞു. അവരുടെ സംഭാവനകളെ കണ്ടെന്ന് പോലും നടിച്ചില്ല,’ ചിരഞ്ജീവി പറഞ്ഞു.

മോഹന്‍ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദറാണ് ഏറ്റവും പുതിയ ചിരഞ്ജീവിയുടെ ചിത്രം.
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ ഒക്ടോബര്‍ അഞ്ചിനാണ് റിലീസ് ചെയ്തത്. ആദ്യദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 38 കോടിയാണ് ചിത്രം വാരിയത്.

Content Highlight: chiranjeevi says Prem Nazir,  Jayalalitha snd  M.G.R were Only shown as South Indian cinema in nargise dutt award

We use cookies to give you the best possible experience. Learn more