ലൂസിഫറില്‍ താന്‍ പൂര്‍ണതൃപ്തനായിരുന്നില്ലെന്ന് ചിരഞ്ജീവി. ലൂസിഫറിനെ തങ്ങള്‍ കൂടുതല്‍ അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നുവെന്നും പുതിയ ചിത്രമായ ഗോഡ്ഫാദറിന്റെ പ്രസ് മീറ്റില്‍ ചിരഞ്ജീവി പറഞ്ഞു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍.
‘ലൂസിഫറില്‍ ഞാന്‍ പൂര്‍ണനായും തൃപ്തനായില്ല. ഞങ്ങള്‍ ഈ സിനിമ കൂടുതല്‍ അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. ബോറടിപ്പിക്കുന്ന ഒരു രംഗം പോലുമില്ലാതെ എന്‍ഗേജിങ്ങായി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഗോഡ്ഫാദര്‍ നിങ്ങളെയെല്ലാവരേയും തൃപ്തിപ്പെടുത്തും,’ ചിരഞ്ജീവി പറഞ്ഞു.
ഗോഡ്ഫാദറിനൊപ്പമാണ് നാഗാര്‍ജുനയുടെ ഗോസ്റ്റ് എന്ന ചിത്രവും റിലീസ് ചെയ്യുന്നത്. നാഗാര്‍ജുനയുമായി മത്സരമില്ലെന്നും പ്രസ് മീറ്റില്‍ വെച്ച് ചിരഞ്ജീവി വ്യക്തമാക്കി. ‘രണ്ട് സിനിമകളും തികച്ചും വ്യത്യസ്തമാണ്. രണ്ട് സിനിമകളിലൂടെയും ഞങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കാനാണ് നോക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏതാണ് ഇഷ്ടപ്പെടുന്നത് ഏതാണെന്ന് അറിയാന്‍ സമയമെടുക്കും. സിനിമ വിജയമാണോ പരാജയമാണോ എന്നത് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 5നാണ് ഗോഡ്ഫാദര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനും നാളെ തന്നെ റിലീസ് ചെയ്യും. ഏകദേശം 80,000ത്തോളം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ റൈറ്റ്‌സ് വഴി ചിത്രം 57 കോടി രൂപ നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
90 കോടി ബജറ്റിലാണ് ഗോഡ്ഫാദര്‍ നിര്‍മിച്ചിരിക്കുന്നത്. 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്നാണ് റെപ്പോര്‍ട്ടുകള്‍. അതേസമയം, ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത്.
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദര്‍. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താരയാണ് നായികയായി എത്തുന്നത്.
Content Highlight: Chiranjeevi says he is not Fully Satisfied With Lucifer, Godfather Will Satisfy audience