കഥ നല്ലതാണെങ്കില്‍ ആളുകള്‍ തിയേറ്ററിലെത്തും; സീതാ രാമവും കാര്‍ത്തികേയയും മികച്ച ഉദാഹരണങ്ങള്‍: ചിരഞ്ജീവി
Entertainment news
കഥ നല്ലതാണെങ്കില്‍ ആളുകള്‍ തിയേറ്ററിലെത്തും; സീതാ രാമവും കാര്‍ത്തികേയയും മികച്ച ഉദാഹരണങ്ങള്‍: ചിരഞ്ജീവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd September 2022, 2:51 pm

ചിരഞ്ജീവിയും മകന്‍ രാം ചരണും ആദ്യമായി മുഴുനീള വേഷത്തില്‍ ഒന്നിച്ച ചിത്രമായിരുന്നു ആചാര്യ. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രം പക്ഷെ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു.

ആചാര്യയുടെ പരാജയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍ ചിരഞ്ജീവി. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

മോശം ഉള്ളടക്കമുള്ള സിനിമകളെ ആളുകള്‍ വളരെ പെട്ടെന്ന് തള്ളിക്കളയുന്നുണ്ടെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആചാര്യ എന്നുമാണ് ചിരഞ്ജീവി പറയുന്നത്.

ഈയിടെ റിലീസായ തെലുങ്ക് ചിത്രങ്ങളായ ബിംബിസാര (Bimbisara), കാര്‍ത്തികേയ 2 (Karthikeya 2) എന്നീ സിനിമകള്‍ വലിയ വിജയമായത് കൊണ്ട് തന്നെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ കാരണം തിയേറ്ററിലേക്ക് ആളുകള്‍ വരുന്നില്ല, എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാമെന്നും താരം പറയുന്നു.

”കൊവിഡ് മഹാമാരിക്ക് ശേഷം, തിയേറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞുവെന്നത് സ്ഥിരമായ ആശങ്കയാണ്. എന്നാല്‍ അവര്‍ തിയേറ്ററുകളില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം.

ഉള്ളടക്കം നല്ലതാണെങ്കില്‍, അവര്‍ തീര്‍ച്ചയായും വരും! ബിംബിസാരം, സീതാ രാമം, കാര്‍ത്തികേയ 2 എന്നീ സിനിമകള്‍ മികച്ച ഉദാഹരണങ്ങളാണ്. തിരക്കഥയിലും ഉള്ളടക്കത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ സിനിമകള്‍ നിരസിക്കും.

സിനിമകളുടെ ഫിലോസഫി ആകെ മാറിയിട്ടുണ്ട്. മോശം സിനിമകള്‍ റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ തിരസ്‌കരിക്കപ്പെടുകയാണ്. ഈ പ്രവണതയുടെ ഏറ്റവും വലിയ ഇരകളില്‍ ഒരാളാണ് ഞാന്‍,” ആചാര്യയുടെ പരാജയത്തെ പരാമര്‍ശിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞു.

ചെറിയ സിനിമകള്‍ തിയേറ്ററുകളില്‍ എത്താത്തതിനെ കുറിച്ച് പ്രേക്ഷകര്‍ ഭയപ്പെടേണ്ടതില്ലെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സിനിമയുടെ പ്രീ റിലീസ് ഇവന്റിലെ ചീഫ് ഗസ്റ്റായിട്ടായിരുന്നു ചിരഞ്ജീവി പങ്കെടുത്തത്.

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറാണ് ചിരഞ്ജീവിയുടെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. ചിത്രത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Chiranjeevi says audience will accept movies if the content is good, says Sita Ramam and Karthikeya are examples