മലയാളത്തില്‍ വമ്പന്‍ ഹിറ്റായി മാറിയ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്കു റീമേക്ക് ഗോഡ്ഫാദര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ചിരഞ്ജീവിയും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിരഞ്ജീവിയുടെ മകനും തെലുങ്ക് സ്റ്റാറുമായ രാംചരണാണ് ചിത്രം നിര്‍മിക്കുന്നത്.
പൃഥ്വിരാജ് ലൂസിഫറില്‍ ചെയ്ത വേഷമാണ് തെലുങ്കില്‍ സല്‍മാന്‍ ചെയ്യുന്നത്. ഗോഡ്ഫാദറിലെ അഭിനയത്തിന് സല്‍മാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല എന്നും സ്‌ക്രിപ്റ്റ് പോലും കേള്‍ക്കാതെയാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റതെന്നും നേരത്തെ തന്നെ ചിരഞ്ജീവി വെളിപ്പെടുത്തിയിരുന്നു.
പ്രതിഫലം വാങ്ങാതെ സല്‍മാന്‍ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും പണം ഓഫര്‍ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയെ കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ചിരഞ്ജീവി. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”ഞാന്‍ സല്‍മാന് ഒരു മെസേജ് അയച്ചു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ റിപ്ലൈ വന്നു, ‘പറയൂ ചിരു ഗാരു, എന്താണ് വേണ്ടത്,’ എന്ന്. ഇങ്ങനെ ഒരു ചെറിയ കഥാപാത്രമുണ്ട്, നല്ല ക്യാരക്ടറാണ്, നിങ്ങള്‍ക്ക് വേണമെങ്കില്‍ ലൂസിഫര്‍ കണ്ടുനോക്കാം, എന്ന് ഞാന്‍ പറഞ്ഞു.
‘വേണ്ട വേണ്ട ചിരു ഗാരു. ലൂസിഫറൊന്നും കാണേണ്ട ആവശ്യമില്ല. ഞാന്‍ ഈ സിനിമ ചെയ്യും. നിങ്ങളുടെ ഒരാളെ ഇങ്ങോട്ടേക്ക് അയച്ചാല്‍ മാത്രം മതി. നമ്മള്‍ക്ക് ഡേറ്റും കാര്യങ്ങളുമൊക്കെ സംസാരിക്കാം,’ എന്ന് സല്‍മാന്‍ പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ സമ്മതിക്കുകയായിരുന്നു.
ഗോഡ്ഫാദറിലെ അഭിനയത്തിന് പ്രതിഫലം വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. എന്റെ പ്രൊഡ്യൂസര്‍മാര്‍ അദ്ദേഹത്തെ ചെന്ന് കാണുകയും കുറച്ച് പണം ഓഫര്‍ ചെയ്യുകയും ചെയ്തപ്പോള്‍ സല്‍മാന്‍ പറഞ്ഞ മറുപടി, ‘ചിരഞ്ജീവി ഗാരുവിനോടും രാംചരണിനോടും എനിക്കുള്ള സ്‌നേഹം നിങ്ങള്‍ക്ക് പണം കൊടുത്ത് വാങ്ങാനാകില്ല. കടന്നുപോകൂ (Get lost), എന്നായിരുന്നു,” ചിരഞ്ജീവി പറഞ്ഞു.
സല്‍മാന്‍ ഖാന്‍ തങ്ങളുടെ കുടുംബത്തിന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അദ്ദേഹത്തോട് വലിയ ബഹുമാനമാണുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗോഡ്ഫാദറിന്റെ പുറത്തുവന്ന സ്റ്റില്ലുകള്‍ക്കും ടീസറിനും ട്രെയിലറിനുമൊക്കെ വലിയ വിമര്‍ശനവും ട്രോളുകളുമാണ് മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിലെത്തുമ്പോള്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പം ഡാന്‍സ് കളിക്കുകയും ‘ജീപ്പ് കൊണ്ട് മതില്‍ ഇടിച്ച് പൊളിക്കുകയും’ ചെയ്യുന്ന നായകനായതാണ് ട്രോളുകള്‍ക്ക് കാരണമായത്.
ഒരു ടിപ്പിക്കല്‍ മാസ് മസാല തെലുങ്കു പടത്തിന്റെ ചേരുവകളോടെയാണ് ഗോഡ്ഫാദര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ഇത് നല്‍കുന്ന സൂചന. ഗോഡ്ഫാദര്‍ ലൂസിഫറിനോട് ഒട്ടും നീതി പുലര്‍ത്തുന്നില്ലെന്നും വിമര്‍ശനമുണ്ട്.
Content Highlight: Chiranjeevi says angry Salman Khan said ‘get lost’ after being offered money for Godfather