അജിത്തിന്റെ വേതാളം എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭോലാ ശങ്കര്‍ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.
ചിരഞ്ജീവി പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് വളരെ മോശം അഭിപ്രായമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ കോമഡികളും, ചിരഞ്ജീവിയുടെ അഭിനയവും ട്രോള്‍ ചെയ്യപ്പെടുകയാണ്.
ചിരഞ്ജീവി തമന്ന കോമ്പിനേഷനും നിരവധി ട്രോളുകളാണ് ലഭിക്കുന്നത്. അജിത്ത് മനോഹരമാക്കിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ സീന്‍ ചിരഞ്ജീവി കുളമാക്കിയെന്നാണ് പൊതുവില്‍ വരുന്ന റിവ്യൂകള്‍ പറയുന്നത്.
തമിഴില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച അനിയത്തിയും ചേട്ടനായി എത്തിയ അജിത്തും മികച്ച കോമ്പിനേഷന്‍ ആണെങ്കില്‍. അത് തെലുങ്കിലെത്തിയപ്പോള്‍ ദുരന്തമായി മാറിയെന്നാണ് ട്രോളന്‍മാരുടെ വിലയിരുത്തല്‍.
മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന് ശേഷം എത്തുന്ന ചിരഞ്ജീവിയുടെ അടുത്ത റീമേക്ക് ചിത്രമെന്ന നിലയില്‍ വമ്പന്‍ പ്രതീക്ഷകളായിരുന്നു ഭോലാ ശങ്കറിന്.
എന്നാല്‍ ചിത്രം ഗോഡ്ഫാദറിനേക്കാള്‍ നിലവാരത്തില്‍ താഴെയാണ് എന്നായിരുന്നു സിനിമ കണ്ടവര്‍ പറഞ്ഞത്.
ആദ്യദിനം ചിത്രം നേടിയ ?ഗ്രോസ് 33 കോടിയാണെന്ന് നിര്‍മാതാക്കളായ എ.കെ എന്റര്‍ടെയ്ന്‍മെന്റ്‌സ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ട്രേഡ് അനലിസ്റ്റുകള്‍ ഇതിന് വലിയ വില നല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ എല്ലാ മേഖലയിലും വന്‍ പരാജയമാണ് എന്നാണ് വിലയിരുത്തല്‍. ചിത്രത്തിനെതിരെ തെലുങ്കില്‍ തന്നെ നിരവധി ട്രോള്‍ വീഡിയോകള്ളും വരുന്നുണ്ട്.
മെഹര്‍ രമേശാണ് ഭോലാ ശങ്കറിന്റെ സംവിധാനം. 2015 ലായിരുന്നു ശിവയുടെ സംവിധാനത്തില്‍ അജിത്ത് നായകനായ വേതാളം റിലീസ് ചെയ്തത്.
വമ്പന്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ റീമേക്ക് പ്രഖ്യാപിച്ചപ്പോള്‍ അജിത്ത് ആരാധകരും ആവേശത്തില്‍ ആയിരുന്നു. എന്നാല്‍ റിലീസിന് ശേഷം ഡിസാസ്റ്റര്‍ അഭിപ്രായങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഭോലാ ശങ്കര്‍.
നടന്‍ അജിത്തിനെ പോലെ റീമേക്ക് ചിത്രത്തില്‍ ചിരഞ്ജീവിയുടെ പ്രകടനം എത്തിയിട്ടില്ലയെന്നും അനാവശ്യമായ കോമഡികളും കല്ലുകടിയാകുന്നുവെന്നും അഭിപ്രായമുണ്ട്. സംവിധായകന്‍ മെഹെര്‍ രമേഷ് നിരാശപ്പെടുത്തി എന്നാണ് മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.
ഭോലാ ശങ്കര്‍ നിര്‍മിച്ചിരിക്കുന്നത് രമബ്രഹ്‌മം സുങ്കരയാണ്. ചിത്രസംയോജനം മാര്‍ത്താണ്ഡ്. കെ. വെങ്കടേഷ് ആണ്. കലാസംവിധായകന്‍ എ. എസ്. പ്രകാശ് ആണ്.