നടി തൃഷക്കെതിരെയുള്ള മൻസൂർ അലി ഖാന്റെ പരാമർശത്തിനെതിരെ നടൻ ചിരഞ്ജീവിയും. മൻസൂർ അലി ഖാന്റെ പരാമർശങ്ങൾ തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു. ഇത് ഒരു കലാകാരനെ മാത്രം ബാധിക്കുന്നതല്ലെന്നും ഏത് ഒരു സ്‍ത്രീക്കും പെൺകുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണെന്നും താരം പറഞ്ഞു.
അതുപോലെ ഇത്തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ ശക്തമായ രീതിൽ അപലപിക്കണമെന്നും ചിരഞ്ജീവി പറഞ്ഞു. താൻ തൃഷയ്‌ക്കൊപ്പമാണെന്നും ഇത്തരത്തിൽ മോശം കമന്റുകൾ നേരിടേണ്ടി വരുന്ന എല്ലാ സ്‍ത്രീകൾക്കുമൊപ്പവുമാണെന്നും ചിരഞ്ജീവി തന്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അപലപനീയമായ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള കമന്റുകൾ ഒരു കലാകാരൻ മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കുമാണെങ്കിലും അരോചവും വെറുപ്പുളവാക്കുന്നതുമാണ്. ഇത്തരത്തിലുള്ള പരാമർശങ്ങൾ ശക്തമായ വാക്കുകളിൽ തന്നെ മറുപടി പറയണം. ഇത്തരം പ്രസ്താവനയിലൂടെ ദുർഗന്ധം വമിപ്പിക്കുകയാണ്. ഞാൻ തൃഷയുടെ കൂടെ നിൽക്കുന്നു, ഇത്തരത്തിലുള്ള കമന്റുകൾക്ക് വരുന്ന എല്ലാ സ്ത്രീകൾക്കൊപ്പവുമാണ്’ ഇങ്ങനെയാണ് ചിരഞ്ജീവി കുറിച്ചത്.
അടുത്തിടെ നൽകിയ വാർത്ത സമ്മേളനത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയത്. മറ്റൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയേയും കട്ടിലിലേക്ക് ഇടുന്ന പോലെ ചിത്രത്തിൽ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ലായെന്നും, 150 പടത്തിൽ താൻ ചെയ്ത റേപ് സീനുകൾ ലിയോയിൽ ഇല്ലായെന്നും മസൂർ അലി ഖാൻ പറഞ്ഞിരുന്നു.
വില്ലൻ കഥാപാത്രം ലോകേഷ് തന്നില്ലായെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. ലിയോ സിനിമയുടെ വിജയത്തിൽ താനിത് പറയുമായിരുന്നെന്നും എന്നാൽ കലാപം നടത്താൻ ആഗ്രഹിക്കുന്ന ചിലരുണ്ടായിരുന്നുവെന്നതിനാൽ താൻ വെറുതെയിരിക്കുകയാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു.
മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തൃഷ രംഗത്ത് വന്നിരുന്നു. തന്നെക്കുറിച്ചുള്ള മൻസൂർ അലി ഖാന്റെ വാക്കുകളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും താരം തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞിരുന്നു. ഇനി മൻസൂർ അലി ഖാനൊപ്പം അഭിനയിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. തൃഷക്ക് പിന്തുണയുമായി സംവിധായകൻ ലോകേഷ് കനകരാജ്, മാളവിക മോഹനൻ, ഖുശ്ബു സുന്ദർ, ചിന്മയി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
Content Highlight: Chiranjeevi also against Mansoor ali khan