പട്‌ന: എല്‍.ജെ.പി. അധ്യക്ഷസ്ഥാനത്ത് തന്നെ വിമതര്‍ മാറ്റിയതിന് പിന്നാലെ വിമത എം.പിമാരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ചിരാഗ് പാസ്വാന്‍. അമ്മാവന്‍ പശുപതി പരസ് അടക്കം അഞ്ച് പേരെയാണ് ചിരാഗ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് തീരുമാനിച്ച വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനും വിശദീകരണം ചോദിച്ചതിന് മറുപടി പറയാതിരുന്നതിനുമാണ് സസ്‌പെന്‍ഷന്‍.
പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നതകള്‍ക്കിടെ ചിരാഗ് പാസ്വാന്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നേരത്തെ ചിരാഗിനെ പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് വിമതര്‍ പുറത്താക്കിയിരുന്നു.
ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരാഗ് പാസ്വാനെ നീക്കം ചെയ്തതായി വിമത എം.പിമാര്‍ പറഞ്ഞു.
എല്‍.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്നു ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എം.പിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു.
സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി വിമതര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തോട് പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് വിളിച്ച് അഞ്ചു ദിവസത്തിനകം പുതിയ അധ്യക്ഷനായി തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിയിലെ അഞ്ച് എം.പിമാര്‍ ഞായറാഴ്ച ലോക്‌സഭാ സ്പീക്കറെക്കണ്ട് ചിരാഗിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. അലി കൈസറാണ് ഉപനേതാവ്.
പശുപതിയെ അനുനയിപ്പിക്കാന്‍ ചിരാഗ് പാസ്വാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ഉച്ചയോടെ ദല്‍ഹിയിലെ പശുപതിയുടെ വസതിയിലേക്ക് ചിരാഗ് ചെന്നിരുന്നു.
കാറിലെത്തിയ ചിരാഗ് വീടിന് പുറത്ത് കാത്തിരുന്നു. പശുപതിയോ പ്രിന്‍സ് രാജോ ചിരാഗിനെ വീട്ടിലേക്ക് ക്ഷണിച്ചില്ല. 1.45 മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചിരാഗ് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാമെന്നും പകരം അമ്മ റീന പാസ്വാനെ അധ്യക്ഷയാക്കാമെന്നുമുള്ള നിര്‍ദേശവുമായിട്ടായിരുന്നു ചിരാഗ് എത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നീക്കങ്ങളെല്ലാം പാളിയതോടെ വിമതസംഘത്തെ തന്റെ പക്ഷത്തേക്ക് ചിരാഗിന് അത്ര എളുപ്പത്തില്‍ കൊണ്ടുവരാനാകില്ലെന്നാണ് ഉയരുന്ന നിരീക്ഷണങ്ങള്‍.
ബീഹാര്‍ തെരഞ്ഞെുപ്പ് ഫലം വന്നതിന് ശേഷം ഇവരെല്ലാം ചിരാഗിന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേരത്തെ മുന്‍ എല്‍.ജെ.പി. നേതാവ് കേശവ് സിംഗ്, ചിരാഗ് പാസ്വാനെതിരെ കേസ് നല്‍കിയിരുന്നു.
കേശവ് സിംഗ് പിന്നീട് ജെ.ഡി.യുവില്‍ ചേര്‍ന്നു. നേരത്തെ നേതാക്കളും പ്രവര്‍ത്തകരുമായി 200 ലേറെ പേര്‍ എല്‍.ജെ.പി. വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷമാണ് എല്‍.ജെ.പിയില്‍ ഭിന്നത രൂക്ഷമായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Chirag Paswan suspends 5 rebel MPs from Lok Janshakti Party