പട്‌ന: ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മകനും പാര്‍ട്ടി മേധാവിയുമായ ചിരാഗ് പാസ്വാനെതിരെ ചില ചോദ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ആരുടെ നിര്‍ദ്ദേശപ്രകാരമാണ് രാം വിലാസ് പാസ്വാനെ പ്രവേശിപ്പിച്ച ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവിടാതിരുന്നത്? ആരുടെ നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് പേരെ മാത്രം രാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ കാണാന്‍ അനുവദിച്ചത്? ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിത്താന്‍ റാം മഞ്ജി ചോദിച്ചു.
രാം വിലാസ് പാസ്വാന്റെ മരണ വാര്‍ത്ത കേട്ട് ഈ രാജ്യം ഞെട്ടി. എന്നാല്‍ അവസാന ചടങ്ങുകള്‍ക്ക് ശേഷം പിറ്റേ ദിവസം നടന്ന ഒരു ഷൂട്ടിങ്ങില്‍ എല്‍.ജെ.പി മേധാവി ചിരാഗ് പാസ്വാന്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. അദ്ദേഹം ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാം വിലാസ് പാസ്വാന്റെ ബന്ധുക്കളെ കുറിച്ചും ആരാധകരെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ അദ്ദേഹം നിരവധി തവണ കട്ട് പറയുന്നത് കാണാമായിരുന്നു.
രാം വിലാസ് പാസ്വാന്റെ മരണത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും അത് ദൂരീകരിക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ ചിരാഗ് പാസ്വാനെ ചോദ്യം ചെയ്യണമെന്നും കത്തില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പറഞ്ഞു.
എന്നാല്‍ അച്ഛന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ജിത്താന്‍ റാം മഞ്ജിയുടെ നടപടിക്കെതിരെ ചിരാഗ് രംഗത്തെത്തി. രോഗിയായ തന്റെ പിതാവിനെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാതിരുന്ന ആളാണ് ഇപ്പോള്‍ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് എന്നായിരുന്നു ചിരാഗ് പറഞ്ഞത്.
‘ഇത്തരം കാര്യങ്ങള്‍ വിളിച്ചുപറയുന്നവര്‍ സ്വയം ലജ്ജിക്കണം. ടെലിഫോണിലൂടെ അല്ലാതെയും എന്റെ പിതാവിന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ മഞ്ജി ജിയുമായി സംസാരിച്ചിരുന്നു. പക്ഷേ രോഗിയായ എന്റെ പിതാവിനെ കാണാന്‍ അദ്ദേഹം ഇവിടെയെത്തിയില്ല. എന്നിട്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു. മരിച്ചുപോയ ഒരു വ്യക്തിയെപ്പോലും ചിലര്‍ ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്. ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ രാഷ്ട്രീയം കളിക്കുന്നത്’ എന്നായിരുന്നു ചിരാഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ഒക്ടോബര്‍ എട്ടിനായിരുന്നു രാം വിലാസ് പാസ്വാന്‍ മരണപ്പെട്ടത്. നേരത്തെ വിലാസ് പാസ്വാന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് എടുത്ത ചിരാഗിന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, പിതാവിനെ അനുസ്മരിക്കുന്നതിനിടെ നിരവധി ടേക്കുകളായിരുന്നു അദ്ദേഹം എടുത്തത്. പിതാവിന്റെ മരണത്തില്‍ അദ്ദേഹത്തിന് യാതൊരു വിഷമവും ഇല്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ചിരാഗ് പാസ്വാനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കം രംഗത്തെത്തിയിരുന്നു. അന്തരിച്ച പിതാവിന്റെ ഛായാചിത്രത്തിന് മുന്നില്‍ ചിരാഗ് പാസ്വാന്റെ അവതരണം. ബോളിവുഡില്‍ അദ്ദേഹത്തിന് ഒരു സ്ഥാനം ലഭിക്കണം! എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chirag Paswan slams HAM for letter to PM demanding probe into his father’s death