| Sunday, 4th August 2024, 4:19 pm

പട്ടികജാതി പട്ടികവർഗങ്ങളിലെ ഉപവിഭാഗം, സുപ്രീം കോടതിയുടെ വിധിയെ ചോദ്യം ചെയ്യും: ചിരാഗ് പാസ്വാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അതി പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ. തന്റെ പാർട്ടി സുപ്രീം കോടതിയിൽ പുനർപരിശോധന ഹരജി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക് ജനശക്തി പാർട്ടി നേതാവ് കൂടിയാണ് അദ്ദേഹം. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ബെഞ്ച് ആണ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അതി പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ടെന്ന് വിധിച്ചത്.

സംവരണം നൽകുന്നതിനുള്ള പ്രധാന അടിസ്ഥാനം തൊട്ടുകൂടായ്മയായതിനാൽ പട്ടികജാതിക്കാർക്കുള്ളിൽ ക്രീമി ലെയർ ക്വാട്ട എന്ന ആശയം അനുവദിക്കാനാവില്ലെന്ന് ചിരാഗ് പാസ്വാൻ സമ്മേളനത്തിൽ പറഞ്ഞു. അയിത്തം എന്ന വാക്ക് സുപ്രീം കോടതി വിധിയിൽ പരാമർശിക്കാത്തതിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.

‘ 15 ശതമാനം പട്ടികജാതി ക്വാട്ടക്കുള്ളിൽ ഉപഗ്രൂപ്പുകളെ അനുവദിക്കുമെന്നുള്ള സുപ്രീം കോടതിയുടെ സമീപകാല വിധി പുനർപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങളുടെ പാർട്ടി അപ്പീൽ പോകും. എസ്.സി ക്വാട്ടയിൽ ക്രീമി ലെയർ അനുവദിക്കാനാവില്ല. തൊട്ടുകൂടായ്മയുടെ ഇരകളായി സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് അവർ. ഈ വിധി അവരുടെ ഉന്നമനത്തിന് സഹായകമാകില്ല ,’ അദ്ദേഹം പറഞ്ഞു.

പട്ടികജാതിക്കാരിൽ ഭൂരിഭാഗവും നല്ല വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരും വിദ്യാഭ്യാസം ഉള്ളവരാണെങ്കിൽ പോലും അവരും തൊട്ടുകൂടായ്മ അഭിമുഖീകരിക്കുന്നു. അതിനാൽ എസ്.സിക്കുള്ളിൽ ഉപവിഭാഗങ്ങളെ അനുവദിക്കുന്നത് ന്യായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ വിവേചനം ഒരാൾ സാമ്പത്തികമായി എത്ര മുന്നിൽ നിൽക്കുന്നുവെന്നോ അയാളുടെ തൊഴിൽ മേഖലയിൽ എത്ര ഉയർന്ന് നിൽക്കുന്നുവെന്നതോ അടിസ്ഥാനമാക്കിയുള്ളതല്ല. അയിത്തത്തിൽ വിശ്വസിക്കുന്ന ആളുകൾ ഇന്നും നമ്മുടെ രാജ്യത്തിൽ ഉണ്ട്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Chirag Paswan Says His Party Will Appeal Against SC Verdict on Dalit Sub-groups

We use cookies to give you the best possible experience. Learn more