| Thursday, 22nd October 2020, 1:10 pm

അഞ്ച് വര്‍ഷത്തെ അഴിമതിയുണ്ട്, ജയിലില്‍ കിടക്കാം; നിതീഷിനും ബി.ജെ.പിക്കും താക്കീതുമായി ചിരാഗ് പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനുമെതിരെ ആക്രമണം കടുപ്പിച്ച് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍. അഞ്ച് വര്‍ഷത്തെ അഴിമതി ആരോപണമാണ് നിതീഷ് കുമാറിനെതിരെ ചിരാഗ് പാസ്വാന്‍ ഉന്നയിച്ചിരുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്നാല്‍ അഴിമതിയ്ക്ക് കൂട്ടുനിന്ന ഓരോരുത്തരേയും ജയിലിലേക്ക് അയച്ചിരിക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. നിതീഷിനേയും ബി.ജെ.പിയേയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ചിരാഗിന്റെ പരാമര്‍ശം.

നിതീഷ് കുമാറിന്റെ ‘സാത് നിശ്ചയ്’ (ഏഴ് വാഗ്ദാനങ്ങള്‍)” പദ്ധതിയില്‍ നടന്ന അഴിമതിയാണ് ചിരാഗ് ചൂണ്ടിക്കാട്ടിയത്.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യസന്ധത പുലര്‍ത്തണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിതീഷ് ബി.ജെ.പി സഖ്യസര്‍ക്കാരില്‍ അഴിമതികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞങ്ങള്‍ അധികാരത്തില്‍ എത്തുന്ന മാത്രയില്‍ നിതീഷിന്റെ ഓരോ പദ്ധതിയെ കുറിച്ചും അന്വേഷിക്കും കുറ്റക്കാരെ ജയിലില്‍ അടച്ചിരിക്കും’, ചിരാഗ് പറഞ്ഞു.

നിതീഷിനെ അധികാരത്തില്‍ നിന്ന് ഇറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഓരോരുത്തരും ബീഹാറിന് വേണ്ടി 20 ദിവസം മാറ്റി വെക്കണമെന്നും ചിരാഗ് വോട്ടര്‍മാരോടായി പറഞ്ഞു.

നിതീഷ് കുമാര്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നമ്മുടെ സംസ്ഥാനം തോല്‍ക്കും. നമ്മുടെ സംസ്ഥാനം വീണ്ടും നാശത്തിന്റെ വക്കിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ചിരാഗ് പാസ്വാന്റെ അഴിമതി ആരോപണം നിതീഷിന്റെ പ്രതിച്ഛായയ്ക്ക് വലിയ രീതിയില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടും അടുപ്പം തുടരുമ്പോള്‍ തന്നെ നിതീഷിനെ അധികാരത്തില്‍ നിന്നിറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. എന്നാല്‍ നിതീഷ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന അഴിമതി ആരോപണം ബി.ജെ.പിയെ കൂടി വെട്ടിലാക്കുന്നുണ്ട്.

കേന്ദ്രത്തില്‍ സഖ്യത്തില്‍ നിന്ന് എല്‍.ജെ.പിയെ പുറത്താക്കുന്നത് സംബന്ധിച്ച് ബി.ജെ.പി തീരുമാനമെടുത്തിട്ടില്ലെന്നും ചിരാഗ് പാസ്വാനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വോട്ടെടുപ്പിന് ശേഷം എടുക്കാമെന്നുമായിരുന്നു നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chirag Paswan’s “Jail For Scams” Threat In Fresh Attack On Nitish Kumar

We use cookies to give you the best possible experience. Learn more