| Thursday, 8th October 2020, 10:29 pm

മിസ് യൂ പപ്പാ, ഈ ലോകത്തില്ലെങ്കിലും താങ്കളെപ്പോഴും എന്നോടൊപ്പം ഉണ്ട്: കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് ചിരാഗ് പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കേന്ദ്ര മന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്റെ മരണത്തിന് പിന്നാലെ വികാരനിര്‍ഭരമായ വാക്കുകള്‍ പങ്കുവെച്ച് പാസ്വാന്റെ മകനും എല്‍.ജെ.പി നേതാവുമായ ചിരാഗ് പസ്വാന്‍.

”പപ്പാ… ഇപ്പോള്‍ താങ്കള്‍ ഈ ലോകത്തില്ല, പക്ഷേ താങ്കള്‍ എവിടെയായിരുന്നാലും എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം, മിസ് യൂ പപ്പാ” എന്നായിരുന്നു രാം വിലാസ് പസ്വാന്റെ കൂടെയുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് പാസ്വാന്റെ ട്വീറ്റ്.

വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചിരാഗ് പാസ്വാന്‍ തന്നെയാണ് രാം വിലാസ് പാസ്വാന്റെ മരണം വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ആറ് തവണ കേന്ദ്രമന്ത്രിസഭാംഗം ആയിരുന്നു അദ്ദേഹം. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു രാം വിലാസ് പാസ്വാന്. 1969ല്‍ അദ്ദേഹം ബീഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എട്ടുതവണ അദ്ദേഹം ലോക്സഭാംഗമായിട്ടുണ്ട്.

സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ പാസ്വാന്‍ 1977ലാണ് ജനതാപാര്‍ട്ടി അംഗമാവുകയും ആദ്യമായി ലോക്സഭയിലെത്തുകയും ചെയ്തത്. ബിഹാറിലെ ഹാജിപൂര്‍ മണ്ഡലത്തില്‍ പിന്നീട് തുടര്‍ച്ചയായി അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടു. 2000ലാണ് എല്‍.ജെ.പിക്ക് രൂപം നല്‍കിയത്. 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണയില്‍ ചേര്‍ന്നു.
രാംവിലാസ് പാസ്വാന്റെ പാര്‍ട്ടി എല്ലാ മുന്നണിയിലും ഭാഗമായിട്ടുണ്ട്. വി.പി സിങ്, എച്ച്.ഡി ദേവഗൗഡ, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ പാസ്വാന്‍ അംഗമായിരുന്നു.

2004 ല്‍ ഭരണകക്ഷിയായ യു.പി.എ സര്‍ക്കാരില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിയായി. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാസ്വാന്‍ വിജയിച്ചെങ്കിലും 2009 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2010 മുതല്‍ 2014 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹാജിപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 16ാം ലോക് സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ബീഹാറില്‍ രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കെത്തിയ രാം വിലാസ് പസ്വാന്‍ രാജ്യത്തെ അറിയപ്പെടുന്ന ദളിത് നേതാക്കളില്‍ ഒരാളാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം.

1946 ജൂലൈ അഞ്ചിന് കിഴക്കന്‍ ബീഹാറിലെ ഖാഗരിയയിലെ ഷഹര്‍ബാനി ഗ്രാമത്തിലാണ് രാം വിലാസ് പാസ്വാന്‍ ജനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chirag Paswan’s Emotional Note about Ram Vilas  Paswan

We use cookies to give you the best possible experience. Learn more