| Tuesday, 15th June 2021, 7:59 am

അമ്മാവന്റെ വീടിന് മുന്നില്‍ മണിക്കൂറിലേറെ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല; വിമത എം.പിമാരെ തിരിച്ചെത്തിക്കാനുള്ള ചിരാഗിന്റെ ശ്രമങ്ങള്‍ പാളുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: വിമതചേരിയിലേക്ക് നീങ്ങിയ പാര്‍ട്ടി എം.പിമാരെ തിരിച്ചെത്തിക്കാനുള്ള എല്‍.ജെ.പി. ദേശീയ അധ്യക്ഷന്‍ ചിരാഗ് പസ്വാന്റെ ശ്രമങ്ങള്‍ പാളുന്നു. ചിരാഗ് പാസ്വാന്റെ അമ്മാവനും എം.പിയുമായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് എല്‍.ജെ.പിയില്‍ വിമതര്‍ ഒന്നിക്കുന്നത്.

പശുപതിയെക്കൂടാതെ ചിരാഗിന്റെ ബന്ധു പ്രിന്‍സ് രാജ്, ചന്ദന്‍ സിംഗ്, വീണാ ദേവി, മെഹ്ബൂബ് അലി കേശര്‍ എന്നിവരാണ് ചിരാഗുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് എതിര്‍ചേരിയിലേക്ക് നീങ്ങിയത്. പാര്‍ട്ടിയ്ക്കുള്ള ആറ് എം.പിമാരില്‍ അഞ്ച് പേരും ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ ലോക്‌സഭ കക്ഷിയായി തെരഞ്ഞെടുക്കുകയായിരുന്നു.

പശുപതിയെ അനുനയിപ്പിക്കാന്‍ ചിരാഗ് പാസ്വാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ഉച്ചയോടെ ദല്‍ഹിയിലെ പശുപതിയുടെ വസതിയിലേക്ക് ചിരാഗ് ചെന്നിരുന്നു.

കാറിലെത്തിയ ചിരാഗ് വീടിന് പുറത്ത് കാത്തിരുന്നു. പശുപതിയോ പ്രിന്‍സ് രാജോ ചിരാഗിനെ വീട്ടിലേക്ക് ക്ഷണിച്ചില്ല. 1.45 മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചിരാഗ് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാമെന്നും പകരം അമ്മ റീന പാസ്വാനെ അധ്യക്ഷയാക്കാമെന്നുമുള്ള നിര്‍ദേശവുമായിട്ടായിരുന്നു ചിരാഗ് എത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നീക്കങ്ങളെല്ലാം പാളിയതോടെ വിമതസംഘത്തെ തന്റെ പക്ഷത്തേക്ക് ചിരാഗിന് അത്ര എളുപ്പത്തില്‍ കൊണ്ടുവരാനാകില്ലെന്നാണ് ഉയരുന്ന നിരീക്ഷണങ്ങള്‍.

ബീഹാര്‍ തെരഞ്ഞെുപ്പ് ഫലം വന്നതിന് ശേഷം ഇവരെല്ലാം ചിരാഗിന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേരത്തെ മുന്‍ എല്‍.ജെ.പി. നേതാവ് കേശവ് സിംഗ്, ചിരാഗ് പാസ്വാനെതിരെ കേസ് നല്‍കിയിരുന്നു.

കേശവ് സിംഗ് പിന്നീട് ജെ.ഡി.യുവില്‍ ചേര്‍ന്നു. നേരത്തെ നേതാക്കളും പ്രവര്‍ത്തകരുമായി 200 ലേറെ പേര്‍ എല്‍.ജെ.പി. വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷമാണ് എല്‍.ജെ.പിയില്‍ ഭിന്നത രൂക്ഷമായത്.

അതേസമയം തങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കില്ലെന്നും ചിരാഗുമായി പ്രശ്നങ്ങളില്ലെന്നും പശുപതി ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ക്ക് ആറ് എം.പിമാരാണുള്ളത്. അഞ്ച് എം.പിമാരും പാര്‍ട്ടിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ചിരാഗ് എന്റെ അനന്തരവനും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനുമാണ്. എനിക്ക് അദ്ദേഹത്തോട് എതിര്‍പ്പൊന്നുമില്ല,’ പശുപതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: After Coup, Chirag Paswan At Uncle’s Doorstep, Returns After Long Wait

We use cookies to give you the best possible experience. Learn more