| Tuesday, 27th October 2020, 3:17 pm

ബീഹാറില്‍ എല്‍.ജെ.പി-ബി.ജെ.പി രഹസ്യസഖ്യമെന്ന ആരോപണത്തില്‍ ഉലഞ്ഞ് ബി.ജെ.പി; ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ ബി.ജെ.പി-എല്‍.ജെ.പി രഹസ്യ ധാരണയെക്കുറിച്ചുള്ള സര്‍വ്വേ ഫലത്തിന് പിന്നാലെ അടിതെറ്റി ബി.ജെ.പി. എല്‍.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും.

നിതീഷ് കുമാറുമായി മാത്രമാണ് തനിക്ക് അഭിപ്രായവ്യത്യാസമുള്ളതെന്ന് പരസ്യമായി പറഞ്ഞ ചിരാഗ് ഒരു ഘട്ടത്തില്‍ ബീഹാര്‍ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും ആണെന്ന് പറഞ്ഞതും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍മാര്‍ക്കിടയില്‍ സീവോട്ടേഴ്‌സ് നടത്തിയ സര്‍വ്വേ ഫലത്തില്‍ ബി.ജെ.പി- എല്‍.ജെ.പി രഹസ്യ ധാരണയെക്കുറിച്ച് സംശയം ബലപ്പെട്ടത്.

സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം ആളുകളും കരുതുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്.

‘എല്‍.ജെ.പിയും ബി.ജെ.പിയും യഥാര്‍ത്ഥത്തില്‍ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന ചോദ്യത്തിന് 61 ശതമാനം പേരും ഉണ്ട് എന്നാണ് ഉത്തരം പറഞ്ഞത്.

വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ചിരാഗ് ഇത്തരത്തില്‍ ഒരു നീക്കം തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രയാപ്പെട്ടിരുന്നു.

സഖ്യം വിട്ടപ്പോഴും തനിക്ക് ബി.ജെ.പിയുമായി ഒരു തരത്തിലുള്ള പ്രശ്‌നവും ഇല്ലെന്ന് ചിരാഗ് പാസ്വാന്‍ ആവര്‍ത്തിച്ച് പറഞ്ഞതും ഇരുപാര്‍ട്ടികളും തമ്മില്‍ നല്ല ബന്ധം തന്നെയാണ് നിലനില്‍ക്കുന്നതെന്ന വിലയിരുത്തലുകള്‍ക്ക് കാരണമായിരുന്നു.

ഇത്തരത്തില്‍ സംസ്ഥാനത്ത് എല്‍.ജെ.പി-ബി.ജെ.പി സഖ്യമുണ്ടെന്ന ധാരണ പൊതുവില്‍ വന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിഷയത്തില്‍ വിശദീകരണം നല്‍കി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാനെ ആരും വിശ്വസിക്കുന്നില്ലെന്നും എന്‍.ഡി.എയ്ക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഇന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞിരിക്കുന്നത്.

‘ചിരാഗ് പാസ്വാനെ ആരും വിശ്വസിക്കുന്നില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടി ഞങ്ങളുമായി സഖ്യത്തിലല്ല. എന്‍.ഡി.എയ്ക്ക് എല്‍.ജെ.പിയുമായി യാതൊരു ബന്ധവുമില്ല. എന്‍.ഡി.എയുടെ മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കും. ഞങ്ങള്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും,’ എന്നായിരുന്നു അനുരാഗ് താക്കൂര്‍ പറഞ്ഞത്.

ഇതിനിടെ കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് തേജസ്വി സൂര്യ തിങ്കളാഴ്ച ചിരാഗ് പാസ്വാനെ ഊര്‍ജ്ജസ്വലനായ നേതാവാണെന്ന് പറഞ്ഞ് രംഗത്തെത്തിയതും ബി.ജെ.പിയെ വെട്ടിയിലായിക്കിയിരുന്നു.

ചിരാഗ് പാസ്വാന്‍ വളരെ ഊര്‍ജ്ജസ്വലനായ നേതാവാണ്. പാര്‍ലമെന്റില്‍ അദ്ദേഹം കൃത്യമായ കണക്കുകള്‍ ഉപയോഗിച്ച് ബീഹാറിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു. അദ്ദേഹം അറിയപ്പെടുന്ന യുവനേതാവാണ്, പ്രത്യേക സുഹൃത്താണ്. അദ്ദേഹത്തിന് ഏറ്റവും മികച്ചത് നേരുന്നു,’ എന്നാണ് തേജസ്വി സൂര്യ പറഞ്ഞത്.

നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് മൂലം എന്‍.ഡി.എ വിട്ട് പോയ ചിരാഗിനെ അഭിനന്ദിച്ചുകൊണ്ട് ബി.ജെ.പി നേതാവ് രംഗത്തെത്തിയത് നിതീഷ് ക്യാംപിനകത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബി.ജെ.പിക്കോ എന്‍.ഡി.എയ്‌ക്കോ എല്‍.ജെ.പിയുമായോ ചിരാഗ് പാസ്വാനുമായോ ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് അനുരാഗ് താക്കൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.

സഖ്യത്തില്‍ നിന്ന് തെറ്റി പുറത്തുപോയപ്പോഴും ചിരാഗ് പാസ്വാനെ പരസ്യമായി തള്ളിപ്പറയാന്‍ ബി.ജെ.പി തയ്യാറാവാത്തതും ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.

നിതീഷ് കുമാറിനെ വിഡ്ഢിയാക്കിക്കൊണ്ട് ബി.ജെ.പിയും എല്‍.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് ചിരാഗ് പ്രചരണം നടത്തിയതിന് പിന്നാലെ ചിരാഗിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. മോദിയുടെ ചിത്രം പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ബി.ജെ.പി കര്‍ശനമായി താക്കീത് നല്‍കി.

എന്നാല്‍ മോദി രാമനാണെന്നും രാമന്റെ ഹനുമാനാണ് താനെന്നും പറഞ്ഞ് ചിരാഗ് രംഗത്തെത്തിയതും നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

ബി.ജെ.പി നിലവില്‍ ചിരാഗ് പാസ്വാന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ എല്‍.ജെ.പിക്ക് അനുകൂലമായ നിലപാടെടുത്താല്‍ നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായിരിക്കും.

അതിനിടെ തുക്ക്‌ഡെ തുക്കഡെ ഗ്യാങ്ങിന്റെ ഭാഗമായ തേജസ്വി യാദവിനെ ബീഹാറിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ആര്‍.ജെ.ഡിയെ ആളുകള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും? പോസ്റ്ററുകളില്‍ നിന്ന് മാതാപിതാക്കളുടെ ഫോട്ടോകള്‍ നീക്കം ചെയ്ത തേജസ്വിക്ക് എന്തും ചെയ്യാന്‍ കഴിയും. വംശഹത്യ നടത്തിയവര്‍ക്കൊപ്പമാണ് ഇപ്പോള്‍ അയാള്‍. തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങ്ങിനൊപ്പമാണ് അദ്ദേഹം ചേര്‍ന്നിരിക്കുന്നത്. ജാതി അധിഷ്ഠിത രാഷ്ട്രീയവും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവുമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ അധികാരത്തിലെത്തിച്ചാല്‍ ബീഹാറില്‍ ജംഗിള്‍ രാജ് തിരിച്ചുവരുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chirag Paswan, ljp BJP alliance controversy bjp trouble on bihar

We use cookies to give you the best possible experience. Learn more