| Sunday, 31st January 2021, 1:08 pm

എന്‍.ഡി.എ യോഗത്തില്‍ ചിരാഗ് പാസ്വാനും ക്ഷണം; ജെ.ഡി.യു പ്രതിഷേധിച്ചപ്പോള്‍ വരരുതെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.ഡി.യു- ബി.ജെ.പി അസ്വാരസ്യങ്ങള്‍ വീണ്ടും വാര്‍ത്തകളിലേക്ക്. പ്രധാനമന്ത്രി അധ്യക്ഷനായി ശനിയാഴ്ച നടന്ന എന്‍.ഡി.എ യോഗത്തില്‍ ബി.ജെ.പി ലോക് ജനശക്തിപാര്‍ട്ടി നേതാവായ ചിരാഗ് പാസ്വാനെ ക്ഷണിച്ചതാണ് വീണ്ടും തര്‍ക്കങ്ങള്‍ക്ക് കാരണമായത്.

ജനുവരി 20നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പാര്‍ലമെന്റിലെ ബജറ്റ് സെഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ ചിരാഗ് പാസ്വാനും ക്ഷണക്കത്ത് അയച്ചത്. ഈ വാര്‍ത്ത പുറത്തുവന്ന ഉടനെ എതിര്‍പ്പുമായി ജെ.ഡി.യു മുന്നോട്ട് വന്നിരുന്നു.

ചിരാഗ് പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ യോഗത്തില്‍ ഉണ്ടാകില്ലെന്ന നിലപാട് ജെ.ഡി.യു എടുത്തതോടെ ബി.ജെ.പി സമ്മര്‍ദ്ദത്തിലാകുകയും ക്ഷണം പിന്‍വലിക്കേണ്ടിവരികയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജെ.ഡി.യുവില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ട ബി.ജെ.പി യോഗത്തില്‍ വരരുത് എന്ന് ചിരാഗിനോട് ആവശ്യപ്പെട്ടുവെന്നും വിവിധ സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ശനിയാഴ്ച നടന്ന യോഗത്തില്‍ ചിരാഗ് പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് എന്നാണ് ചിരാഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ സെല്‍ഫ് ഐസൊലേഷനിലാണ് എന്നും ചിരാഗ് പറഞ്ഞിരുന്നു. അതേസമയം വെര്‍ച്ച്വലായാണ് യോഗം നടന്നിരുന്നത്.

ബീഹാറില്‍ ലോക് ജനശക്തിപാര്‍ട്ടി തങ്ങള്‍ക്ക് ഒപ്പമില്ലെന്ന് പറഞ്ഞ എന്‍.ഡി.എക്ക് ഇപ്പോഴെങ്ങനെയാണ് ചിരാഗ് പാസ്വാനെ ക്ഷണിക്കാന്‍ സാധിക്കുക എന്ന് മുതിര്‍ന്ന ജെ.ഡി.യു നേതാവ് കെ.സി ത്യാഗി ചോദിച്ചു.

ബീഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി എന്‍.ഡി.എ വിട്ടത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പാസ്വാന്‍ മുന്നണി വിട്ടത്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും താന്‍ മോദിക്ക് എതിരല്ലെന്നായിരുന്നു ചിരാഗ് ആവര്‍ത്തിച്ചിരുന്നത്.

പലയിടങ്ങളിലും ചിരാഗിന്റെയും മോദിയുടെയും ഫ്‌ളക്‌സുകളും ബീഹാര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്നിരുന്നു. ബീഹാറില്‍ നിതീഷ് കുമാറിനെതിരെ പ്രചരണം ശക്തമാക്കിയ ചിരാഗ് ജെ.ഡി.യു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

ചിരാഗിന് ബീഹാറില്‍ ഒരു സീറ്റുമാത്രമേ നേടാന്‍ സാധിച്ചുള്ളുവെങ്കിലും 71 സീറ്റുണ്ടായിരുന്ന ജെ.ഡി.യുവിനെ 43 സീറ്റിലേക്ക് എത്തിച്ചതും ബീഹാറില്‍ ബി.ജെ.പിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചതും പാസ്വാന്റെ ഇടപെടലാണെന്ന് നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chirag Paswan invited for NDA meet, skips citing ‘health’ after JD(U) protests

We use cookies to give you the best possible experience. Learn more