ന്യൂദല്‍ഹി: സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ സമ്മര്‍ദത്തിലായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിലായത്. ഇതിനുമുമ്പും ചിരാഗ് പസ്വാന്‍ ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൃത്യമായ വിഭവ വിതരണത്തിനും ആനുകൂല്യ വിതരണത്തിനും ജാതി സെന്‍സസ് നിര്‍ണായകമാണെന്ന് പസ്വാന്‍ പറഞ്ഞു. ജാതി തിരിച്ച് ജനസംഖ്യ മനസിലാക്കുന്നത്, സാമൂഹിക-സാമ്പത്തിക പ്രതിസന്ധികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുമെന്ന് ചിരാഗ് പസ്വാന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ കേന്ദ്ര മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന സ്വകാര്യ മേഖലയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ യു.പി.എസ്.സി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ സഖ്യകക്ഷികളും പ്രതിപക്ഷവും ചെലുത്തിയ സമ്മര്‍ദത്തിന് ഒടുവില്‍, പ്രഖ്യാപനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യു.പി.എസ്.സിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷവും ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസും ഉയര്‍ത്തുന്ന ജാതി സെന്‍സസ് നടത്തണമെന്ന് എല്‍.ജെ.പിയും ആവശ്യപ്പെടുന്നത്.
താന്‍ ഉയര്‍ത്തിയത് തന്റെ പാര്‍ട്ടിയുടെയും നിലപാടാണെന്ന് ചിരാഗ് പസ്വാന്‍ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചിരാഗ് പസ്വാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസംമിസ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗത്തില്‍ പെട്ട സ്ത്രീകളില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങള്‍ പോലും ഇതിനെ കുറിച്ച് പറയുന്നില്ലെന്നും അവര്‍ ബോളിവുഡ് സിനിമകളെ കുറിച്ചും കായിക രംഗത്തെ കുറിച്ചുമെല്ലാമാണ് സംസാരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു.
ജാതി സെന്‍സസിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ച രാഹുല്‍ ഗാന്ധി, മാധ്യമ രംഗത്തെ മുന്‍നിര അവതാരകരും ഈ സമുദായത്തില്‍ നിന്നുള്ളവരെല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം പ്രയാഗ് രാജില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു.
Content Highlight: Chirag Paswan demands caste census