| Tuesday, 15th June 2021, 5:33 pm

അച്ഛനില്ലാത്തപ്പോള്‍ നിങ്ങളായിരുന്നു എന്നെ നയിക്കേണ്ടിയിരുന്നത് ; പുറത്താക്കലിന് പിന്നാലെ അമ്മാവനയച്ച പഴയകത്ത് പങ്കുവെച്ച് ചിരാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തന്നെ മാറ്റിയ നടപടിയില്‍ പ്രതികരണവുമായി ചിരാഗ് പാസ്വാന്‍. പാര്‍ട്ടിയേയും കുടുംബത്തേയും ഒന്നിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ചിരാഗ് പറഞ്ഞു.

‘പാര്‍ട്ടിയെന്ന് പറഞ്ഞാല്‍ അമ്മയെപ്പോലെയാണ്. ഒരിക്കലും അമ്മയെ ചതിക്കാന്‍ ഒരാള്‍ക്ക് കഴിയില്ല,’ ചിരാഗ് ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് എല്ലാ ശക്തിയുമുള്ളതെന്നും എല്‍.ജെ.പിയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് നന്ദി പറയുന്നെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു. 2021 മാര്‍ച്ച് 29 ന് തന്റെ അമ്മാവനും പാര്‍ട്ടി നേതാവുമായ പശുപതി പരസിനയച്ച കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചാണ് ചിരാഗിന്റെ ട്വീറ്റ്.

പശുപതി ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാമെന്നാണ് കത്തില്‍ ചിരാഗ് എഴുതിയിരുന്നത്. പിതാവ് രാം വിലാസ് പാസ്വാന്റെ മരണശേഷം താന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനായതോടെ പശുപതി തന്റെ വീട്ടിലേക്കുള്ള സന്ദര്‍ശനം പോലും കുറച്ചതായും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

2020 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ പശുപതി എതിര്‍പ്പറിയിച്ചിരുന്നെന്നും നിതീഷ് കുമാറിനെ പരസ്യമായി പ്രകീര്‍ത്തിച്ചിരുന്നുവെന്നും ചിരാഗ് പറയുന്നു.

‘അച്ഛന്റെ വിയോഗത്തിന് ശേഷം എനിക്ക് നിങ്ങളുടെ സഹായം വേണമായിരുന്നു. അച്ഛനില്ലാത്തപ്പോള്‍ എന്നെ നയിക്കേണ്ടിയിരുന്നതും കാര്യങ്ങള്‍ പറഞ്ഞുതരേണ്ടിയിരുന്നതും നിങ്ങളായിരുന്നു. എന്നാല്‍ നിങ്ങളെന്നോട് സംസാരിക്കുന്നത് കുറച്ചു,’ ചിരാഗ് കത്തില്‍ പറയുന്നു.
ചൊവ്വാഴ്ചയാണ് വിമതനേതാക്കള്‍ ചിരാഗിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്.

പശുപതിയെക്കൂടാതെ ചിരാഗിന്റെ ബന്ധു പ്രിന്‍സ് രാജ്, ചന്ദന്‍ സിംഗ്, വീണാ ദേവി, മെഹ്ബൂബ് അലി കേശര്‍ എന്നിവരാണ് ചിരാഗുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് എതിര്‍ചേരിയിലേക്ക് നീങ്ങിയത്. പാര്‍ട്ടിയ്ക്കുള്ള ആറ് എം.പിമാരില്‍ അഞ്ച് പേരും ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ ലോക്സഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.

പശുപതിയെ അനുനയിപ്പിക്കാന്‍ ചിരാഗ് പാസ്വാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ഉച്ചയോടെ ദല്‍ഹിയിലെ പശുപതിയുടെ വസതിയിലേക്ക് ചിരാഗ് ചെന്നിരുന്നു.

കാറിലെത്തിയ ചിരാഗ് വീടിന് പുറത്ത് കാത്തിരുന്നു. പശുപതിയോ പ്രിന്‍സ് രാജോ ചിരാഗിനെ വീട്ടിലേക്ക് ക്ഷണിച്ചില്ല. 1.45 മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചിരാഗ് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാമെന്നും പകരം അമ്മ റീന പാസ്വാനെ അധ്യക്ഷയാക്കാമെന്നുമുള്ള നിര്‍ദേശവുമായിട്ടായിരുന്നു ചിരാഗ് എത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നീക്കങ്ങളെല്ലാം പാളിയതോടെ വിമതസംഘത്തെ തന്റെ പക്ഷത്തേക്ക് ചിരാഗിന് അത്ര എളുപ്പത്തില്‍ കൊണ്ടുവരാനാകില്ലെന്നാണ് ഉയരുന്ന നിരീക്ഷണങ്ങള്‍.

ബീഹാര്‍ തെരഞ്ഞെുപ്പ് ഫലം വന്നതിന് ശേഷം ഇവരെല്ലാം ചിരാഗിന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേരത്തെ മുന്‍ എല്‍.ജെ.പി. നേതാവ് കേശവ് സിംഗ്, ചിരാഗ് പാസ്വാനെതിരെ കേസ് നല്‍കിയിരുന്നു.

കേശവ് സിംഗ് പിന്നീട് ജെ.ഡി.യുവില്‍ ചേര്‍ന്നു. നേരത്തെ നേതാക്കളും പ്രവര്‍ത്തകരുമായി 200 ലേറെ പേര്‍ എല്‍.ജെ.പി. വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷമാണ് എല്‍.ജെ.പിയില്‍ ഭിന്നത രൂക്ഷമായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Chirag Paswan after LJP rebellion Pashupati Paras

We use cookies to give you the best possible experience. Learn more