| Monday, 26th March 2018, 10:29 am

പരിസ്ഥിതി സമരമായ ചിപ്‌കോ പ്രസ്ഥാനത്തിന്റെ 45ാമത് വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചിപ്‌കോ മൂവ്‌മെന്റിന്റെ 45ാമത് വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. സമരത്തില്‍ നിന്നെടുത്ത ചിത്രമായ കാട്ടില്‍ മരത്തിന് ചുറ്റും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് ഡൂഡിലിലുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നടന്ന ഈ സമരത്തില്‍ സ്ത്രീകളാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്.

1970കളില്‍ വനവൃക്ഷങ്ങള്‍ മുറിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരെ അനുവദിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയത്തിനെതിരെ കര്‍ഷകരും ഗ്രാമീണജനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ അക്രമരഹിത സമരമാണ് ഇത്. ചിപ്‌കോ എന്ന വാക്കിന്റെ അര്‍ത്ഥം “ചേര്‍ന്ന് നില്‍ക്കൂ”, “ഒട്ടി നില്‍ക്കൂ” എന്നൊക്കെയാണ്.

1974 മാര്‍ച്ച് 26-ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തര്‍ പ്രദേശ്‌ന്റെ ഭാഗമായിരുന്ന ) ചമോലി ജില്ലയിലെ റെനി ഗ്രാമത്തില്‍ ഗ്രാമീണ വനിതകള്‍ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തില്‍ നാഴികക്കല്ലായത്.

ഉത്തര്‍പ്രദേശില്‍ നിന്ന് പ്രചോദനം കൊണ്ട് ചിപ്‌കോ മൂവ്‌മെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പടര്‍ന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ ധൂം സിങ് നേഗി, ബച്‌നി ദേവി, ഗൗര ദേവി, സുദേശ ദേവി തുടങ്ങിയവരായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്.

We use cookies to give you the best possible experience. Learn more