| Wednesday, 18th May 2016, 12:05 pm

അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു.. ഈ സംഭാഷണ ശകലം മലയാളിയ്ക്ക് ലഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുകയാണ്.  സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ നിന്ന് അകന്നുപോവുന്ന ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ഈ സംഭാഷണം ചിരിബോധമുള്ള മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഒന്നാണ്. ഒരു പക്ഷേ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നാം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചേക്കാവുന്നതും ഇതുതന്നെയാവാം. 1991 ലാണ് ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം സിനിമ പുറത്തിറങ്ങുന്നത്.



| പുസ്തക സഞ്ചി: ശ്രീനിവാസന്‍ |


വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു.. ഈ സംഭാഷണ ശകലം മലയാളിയ്ക്ക് ലഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുകയാണ്.  സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ നിന്ന് അകന്നുപോവുന്ന ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ഈ സംഭാഷണം ചിരിബോധമുള്ള മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഒന്നാണ്. ഒരു പക്ഷേ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നാം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചേക്കാവുന്നതും ഇതുതന്നെയാവാം. 1991 ലാണ് ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം സിനിമ പുറത്തിറങ്ങുന്നത്.

ശ്രീനിവാസന്‍ എഴുതിയ തിരക്കഥയിലെ മലയാളീലോകപ്രശസ്തമായ ആ രംഗം വായിക്കാം.

സീന്‍ 20
R.D.P യുടെ പാര്‍ട്ടി ഓഫീസ്.
പകല്‍.

പാര്‍ട്ടി മീറ്റിങ് നടക്കുകയാണ്. തെരഞ്ഞെടുപ്പു പരാജയം വിശകലനം ചെയ്യാനുള്ള യോഗമാണ്. ഏതാണ്ട് പത്തു പതിനഞ്ചുപേര്‍.

പാര്‍ട്ടിയുടെ “ലോക്കല്‍ താത്ത്വികാചാര്യനാ”യ കുമാരപിള്ള  60-65 വയസ്സ് പ്രായം അദ്ധ്യക്ഷനായി ഇരിക്കുന്നുണ്ട്. തൊട്ട് ചേര്‍ന്ന് ഒരു ബഞ്ചില്‍ സദസ്സിനെ അഭിസംബോധന ചെയ്യാവുന്ന വിധത്തില്‍ പ്രഭാകരനും. എല്ലാവരുടെയും കണ്ണുകള്‍ കുമാരപിള്ളയിലാണ്.

കുമാരപിള്ള ഒരു ബീഡിക്ക് തീ കൊടുത്തു. പ്രഭാകരനും മറ്റുള്ളവരും മീറ്റിങ്ങിലെ ഒരു അനിവാര്യ ചടങ്ങുപോലെ ബീഡിയൂതി വിടുന്നുണ്ട്. എഴുന്നേറ്റുനിന്ന് ഒരു ബുദ്ധിജീവിസ്‌റ്റൈലില്‍ ചില പ്രത്യേക ആംഗ്യവിക്ഷേപങ്ങളോടെ.

കുമാരപിള്ള: താത്ത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. ഒന്ന്  വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍.

പ്രഭാകരന്‍ അത് ശരിവച്ചുകൊണ്ട് തലകുലുക്കി. മനസ്സിലാവുന്നില്ലേ എന്ന അര്‍ത്ഥത്തില്‍ ഗൗരവത്തില്‍ എല്ലാവരേയും നോക്കി വീണ്ടും കുമാരപിള്ളയിലേക്ക്.

കുമാരപിള്ള : മറ്റൊന്ന്  ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തെരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭാവിച്ചത്. അതാണു പ്രശ്‌നം

സദസ്സില്‍നിന്നും ഉത്തമന്‍ : മനസ്സിലായില്ല

കുമാരപിള്ള : അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ.

ഉത്തമന്‍എഴുന്നേറ്റുനിന്നു : എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങ് പറഞ്ഞാലെന്താ. ഈ പ്രതിക്രിയാവാതകവും കൊളോണിയലിസോംന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷനുണ്ടാക്കുന്നതെന്തിനാ.

പ്രഭാകരന്‍ : (ചാടിയെഴുന്നേറ്റ്) ഉത്തമാ. മിണ്ടാതിരിക്ക്. സ്റ്റഡിക്ലാസ്സിനൊന്നും കൃത്യമായിട്ട് വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തത്.

ഉത്തമന്‍ : കോട്ടപ്പള്ളിക്കു മനസ്സിലായോ. എങ്കില്‍ ഒന്നു പറഞ്ഞു തന്നാട്ടെ  നമ്മള്‍ എന്തുകൊണ്ട് തോറ്റു?

പ്രഭാകരന്‍ പരുങ്ങി. സത്യത്തില്‍ അയാള്‍ക്കും ഒന്നും മനസ്സിലായിരുന്നില്ല. രക്ഷപ്പെടാനെന്നോണം

പ്രഭാകരന്‍ : കുമാരപിള്ളസാറ് നമ്മുടെ താത്ത്വികാചാര്യനാണ്. തല്ക്കാലം അദ്ദേഹം പറയുന്നതു നമ്മള്‍ കേട്ടാല്‍ മതി.

നിവൃത്തിയില്ലാതെ ഉത്തമന്‍ ഇരുന്നു.

കുമാരപിള്ള: എടോ, ഉത്തമാ, ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്. ശരിയാ. നമ്മെളെല്ലാവരും ഒരുമിച്ചിരുന്ന് ദിനേശ്

ബീഡി വലിക്കുന്നതും അതുകൊണ്ടാണ്. എന്നുവെച്ച് പാര്‍ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്.

പ്രകടമായ അതൃപ്തിയോടെ ഉത്തമന്‍. ഒരു ചടങ്ങെന്നോണം ബീഡിവലിച്ചിരിക്കുകയാണ് മറ്റുള്ളവര്‍. മുന്‍നിരയില്‍നിന്നും മറ്റൊരാള്‍ എഴുന്നേറ്റു.

അയാള്‍ : ഒരു കാര്യം ഞാന്‍ പറയട്ടെ
കുമാരപ്പിള്ള : പറയൂ.
അയാള്‍: നമ്മുടെ പാര്‍ട്ടിക്ക് അടിത്തറയില്ല.
കുമാരപിള്ളയും ഉത്തമനും ഒരുപോലെ ഞെട്ടി. അരുതാത്തതെന്തോ കേട്ടപോലെ.

പ്രവര്‍ത്തകന്‍ തുടരുന്നു : പണ്ടൊക്കെ നമ്മുടെ പാര്‍ട്ടി എന്നു പറഞ്ഞാല്‍ നാട്ടില്‍ ആരെങ്കിലും മരിച്ചാല്‍ അവിടെ ഓടിയെത്തി വിറക് വെട്ടിക്കൊടുക്കും; ഒരു വീട്ടില്‍ കല്യാണം വന്നാല്‍ ആദ്യാവസാനം നമ്മളവിടെ ഉണ്ടാകും. ഡോക്ടറെ വിളിക്കാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും മുന്‍പന്തിയില്‍ കാണും. ഇപ്പോഴതൊന്നുമില്ല. അതുകൊണ്ടാ ഞാന്‍ പറഞ്ഞത് R.D.Pക്ക് അടിത്തറയില്ലെന്ന്.

ഇടയ്ക്കുകയറി, ആജ്ഞാപിക്കുംപോലെപ്രഭാകരന്‍ : നിങ്ങളോടവിടെ ഇരിക്കാനാ പറഞ്ഞത്.

രക്തം വാര്‍ന്നുപോയ മുഖവുമായി വിളറി നില്‍ക്കുകയാണ് കുമാരപിള്ള. ഒരു പ്രഹരമേറ്റപോലെ പ്രഭാകരന്‍.
പ്രവര്‍ത്തകന്‍ നീരസത്തോടെ ഇരുന്ന് അയാളെ അടക്കിയിരുത്തിയതോടെ വീര്യം വീണ്ടെടുത്ത്

കുമാരപിള്ള : അച്ചടക്കമില്ലാതെ പെരുമാറിയാല്‍ അറിയാലോ  ഞങ്ങളതു പഠിപ്പിക്കും.
ധാര്‍ഷ്ട്യത്തോടെ കുമാരപിള്ളയുടെ നോട്ടം ഉത്തമനിലേക്കും. പ്രതികരിക്കാനാവാതെപോയ ഉത്തമന്റെ മുഖത്ത് അസ്വസ്ഥത.

വിഷയത്തില്‍നിന്നും പതിയെ വഴുതിമാറി കുമാരപിള്ള : ക്രിയാത്മകമായ ഈ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ഒരു കാര്യം ഞാന്‍ പറയാം. ഒന്ന്, INSP അതായത് നമ്മുടെ പ്രധാന എതിരാളി  അവരില്‍ ചില കൊള്ളാവുന്ന ചെറുപ്പക്കാര്‍ രംഗത്തു വന്നിട്ടുണ്ട്. ആളുകള്‍ക്ക് അവരോട് വലിയ മതിപ്പാ. ആ മതിപ്പ് പൊളിക്കുകയാണു നമ്മള്‍ ചെയ്യേണ്ടത്.

അയാളെ പിന്താങ്ങിക്കൊണ്ട് എല്ലാവരോടുമായി പ്രഭാകരന്‍ : വളരെ കറക്ട്.

കുമാരപിള്ള : ഏതെങ്കിലും രീതിയില്‍ വല്ല പെണ്ണുകേസിലോ ഗര്‍ഭകേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ അവരെ കാര്‍ക്കിച്ചു തുപ്പുന്ന ഒരു പരിതഃസ്ഥിതിയിലെത്തിച്ചാല്‍ നമ്മള്‍ ജയിച്ചു. ആറുമാസത്തിനുള്ളില്‍ നമുക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം.

പ്രവര്‍ത്തകര്‍ക്കിടയിലൂടെ കുമാരപിള്ളയുടെ മേശയ്ക്കരികിലായി ചായയും പഴങ്ങളും കൊണ്ടുവന്നു വയ്ക്കുന്ന ചായക്കടക്കാരന്‍. മേശപ്പുറത്ത് നിരത്തിവച്ച ചായ ഗ്ലാസ്സുകളും പഴങ്ങളും നോക്കി

കുമാരപിള്ള : പരിപ്പുവട എവിടെടോ?

ചായക്കാരന്‍ : ഇന്ന് പരിപ്പുവട ഉണ്ടാക്കിയില്ല സര്‍.

ചായ കണ്ട് വിടര്‍ന്ന കുമാരപിള്ളയുടെ മുഖം കനത്തു : പരിപ്പുവട ഉണ്ടാക്കിയില്ലേ? ഡോ  പരിപ്പുവടേം ചായേം ബീഡിയുമാണ് നമ്മുടെ പാര്‍ട്ടിയുടെ പ്രധാനഭക്ഷണമെന്ന് തനിക്കറിഞ്ഞൂടേ. എടുക്ക്വാ… എടുക്ക്വാ… പോയി പരിപ്പുവട ഉണ്ടാക്കിക്കൊണ്ടു വര്വാ.

പഴങ്ങളുമെടുത്ത് ചായക്കാരന്‍ മടങ്ങിപ്പോവുന്നു.

പുസ്തകം: ചിന്താവിഷ്ടയായ ശ്യാമളയും മറ്റു തിരക്കഥകളും
എഴുത്ത്: ശ്രീനിവാസന്‍
പ്രസാധനം: ഡി.സി ബുക്‌സ്
ISBN : 9788126429448
വില: 265

Book Title :CHINTHAVISHTAYAYA SHYAMALAYUM MATTU THIRAKKATHAKALUM
Author: SREENIVASAN
Publisher: DC Books
ISBN : 9788126429448
Price: 265

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more