| Wednesday, 8th February 2023, 9:00 pm

'വി ആര്‍ ഓണ്‍ ദി മൂവ്'; ലാല്‍ കൃഷ്ണ വിരാടിയാര്‍ വീണ്ടുമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രമാണ് ചിന്താമണി കൊലക്കേസ്. ചിത്രത്തില്‍ ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന അഭിഭാഷകനായിട്ടാണ് സുരേഷ് ഗോപി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ കുറേ നാളായി ചര്‍ച്ചയിലുണ്ട്.

എല്‍ കെ ഓണ്‍ പേപ്പര്‍ എന്ന് ക്യാപ്ഷനോടെ തിരക്കഥകൃത്ത് എകെ സാജന്‍ രാമന്‍ വക്കീലുമായിട്ടുള്ള ചിത്രം ഷാജി കൈലാസ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീ ആര്‍ ഓണ്‍ മൂവ് എന്ന ക്യാപ്ഷനോടെ ഷാജി കൈലാസ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മുഖത്തിന് സമാനമായി ഷെല്‍ഫിലെ നിയമ പുസ്തകങ്ങള്‍ അടുക്കിവെച്ചിട്ടുള്ളതാണ് ഇപ്പോള്‍ പുറത്തുവിട്ട പോസ്റ്റര്‍.

ദ വൈറര്‍ എന്ന ഇംഗ്ലീഷ് ചെറുകഥയില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് ചിന്താമണി കൊലക്കേസ് നിര്‍മിച്ചിരുന്നത്. കുറ്റവാളികള്‍ക്ക് വേണ്ടി കോടതിയില്‍ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിന് ശേഷം മരണശിക്ഷ നല്‍കുകയും ചെയ്യുന്ന ലാല്‍കൃഷ്ണ വീരാടിയാര്‍ എന്ന അഭിഭാഷകന്റെ കഥയാണ് ചിത്രം പറഞ്ഞത്.

2006ലായിരുന്നു ചിന്താമണി കൊലക്കേസ് പുറത്തിറങ്ങിയത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു ഭാവന. ചിത്രം തെലുങ്കില്‍ ശ്രീ മഹാലക്ഷ്മി എന്ന പേരിലും തമിഴില്‍ എല്ലാം അവന്‍ സെയ്യാല്‍ എന്ന പേരിലും പിന്നീട് റീമേഡ് ചെയ്തിരുന്നു.

ഭാവന, തിലകന്‍, ബിജു മേനോന്‍, വിനായകന്‍, സായ് കുമാര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്ന ഹണ്ടിന്റെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. 16 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രമെത്തുന്നത്.

content highlight: chinthamani kolacase second part anouncement poster out

We use cookies to give you the best possible experience. Learn more