|

ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം വരുന്നു, ഉറപ്പിച്ച് സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2006ല്‍ ഷാജി കൊലക്കേസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി പുറത്തുവന്ന ഹിറ്റ് ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്.

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യം ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.

ഏറെ കാലങ്ങള്‍ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തുവന്ന പാപ്പന്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഏറ്റവും ഒടുവില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റക്കൊമ്പന്‍ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാല്‍ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

നിറഞ്ഞ കയ്യടികളോടെയാണ് ചുറ്റും നിന്ന ആരാധകര്‍ സുരേഷ് ഗോപിയുടെ വാക്കുകളെ ഏറ്റെടുത്തത്. ചിന്താമണി കൊലക്കേസില്‍ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രമാണ് ലാല്‍ കൃഷ്ണ വിരാടിയാര്‍.

സുരേഷ് ഗോപിയുടെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് ലാല്‍ കൃഷ്ണ വിരാടിയാര്‍. ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2, മേ ഹൂം മൂസ, ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

അതേസമയം 20 കോടിയോളം രൂപയാണ് പാപ്പന്‍ ഇതുവരെ കളക്ഷനായി സ്വന്തമാക്കിയത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

മാസ്സ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന പാപ്പനില്‍ വമ്പന്‍ താര നിരയാണ് അണിനിരന്നത്.

നൈല ഉഷ, കനിഹ, നീതാ പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്.

Content Highlight: Chinthamani Kolacase movie have sequel confirmed by Suresh Gopi