കൊച്ചി: ഗവേഷണ പ്രബന്ധ വിവാദത്തിനിടെ കവി ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി സന്ദര്‍ശിച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ചങ്ങമ്പുഴയുടെ ഇളയ മകള്‍ ലളിതയെയാണ് ചിന്ത ജെറോം എറണാകുളത്തെ വീട്ടിലെത്തി കണ്ടത്.
ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് ലളിതാമ്മ സ്വീകരിച്ചതെന്നും മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചെന്നും ചിന്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ചിന്ത പങ്കുവെച്ചിട്ടുണ്ട്.
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
‘വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മനസ്സില്‍ കണ്ടുകൊണ്ടാണോ ആ കുട്ടി പ്രബന്ധം എഴുതിയതെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാകാം തെറ്റുപറ്റിയത്. കുട്ടിയെ കുറ്റം പറയാനാകില്ല. വയസായാലും അവര്‍ വിദ്യാര്‍ത്ഥി തന്നെയാണ്. പക്ഷേ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്‍കാന്‍ പാടില്ല. അത് തിരിച്ചെടുക്കണം. തെറ്റ് പറ്റി പോയതിന് ആര്‍ക്കും വിഷമമില്ല. തെറ്റ് പറ്റിയവര്‍ അത് തുറന്നു പറയണം.
തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം റദ്ദാക്കണം. രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച് ‘വാഴക്കുല’ തന്നെ അല്‍പം വിപുലീകരിച്ച് മാറ്റങ്ങള്‍ വരുത്തി എഴുതണം.
നിലവില്‍ നോക്കിയ ആളുകള്‍ തന്നെ രണ്ടാമതും നോക്കണം. രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചാല്‍ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു വിദ്യാര്‍ത്ഥിയോട് ക്ഷമിക്കാനാകും, പക്ഷെ ഗൈഡിനോട് അത് പറ്റില്ല,’ എന്നായിരുന്നു ലളിത ചങ്ങമ്പുഴയുടെ പ്രതികരണം.
തനിക്ക് ഒരു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചതെന്നും, മറ്റുള്ളവര്‍ അച്ഛന് നല്‍കുന്ന ആദരമാണ് തനിക്ക് അച്ഛനോടുള്ള ആത്മബന്ധമെന്നും ലളിത പറഞ്ഞിരുന്നു.
വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമര്‍ശം സാന്ദര്‍ഭികമായ പിഴവാണെന്നും ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത ജെറോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ചെറിയൊരു പിഴവിനെ പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായെന്നും ചിന്ത ജെറോം പറഞ്ഞു. ഇടുക്കിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘സാന്ദര്‍ഭിക പിഴവാണുണ്ടായത്. മനുഷ്യ സഹജമായ തെറ്റ്. പക്ഷേ ചെറിയൊരു പിഴവിനെ പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അതിന്റെ പേരില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശം വരെ എനിക്കെതിരെ ഉണ്ടായി.
വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ല,’ ചിന്ത പറഞ്ഞു.
മലയാള കവിതയായ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ തെറ്റിച്ചെഴുതിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ‘വാഴക്കുല’യുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നതായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രോ വി.സിയായിരുന്ന ഡോ. അജയകുമാറായിരുന്നു ഗൈഡ്.
ചിന്തയുടെ ഗവേഷണ ബിരുദം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും സര്‍വകലാശാല വി.സിക്കും നിവേദനവും നല്‍കിയിരുന്നു.
ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകള്‍ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചു. അമ്മയും കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടില്‍ എത്തണമെന്ന സ്‌നേഹനിര്‍ഭരമായ വാക്കുക്കള്‍ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്.
ഒത്തിരി സ്‌നേഹം, വീണ്ടും വരാം…
Content Highlight: Chintha Jerome Visits Changambuzha’s Family