| Tuesday, 31st January 2023, 2:40 pm

'വാഴക്കുല' വിവാദം; ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല, സാന്ദര്‍ഭികമായ പിഴവെന്ന് ചിന്ത ജെറോം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമര്‍ശം സാന്ദര്‍ഭികമായ പിഴവാണെന്നും ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം.

ചെറിയൊരു പിഴവിനെ പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായെന്നും ചിന്ത ജെറോം പറഞ്ഞു. ഇടുക്കിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രബന്ധത്തില്‍ നന്ദി ഉള്‍പ്പെടുത്തിയതെന്നും ചിന്ത പറഞ്ഞു.

‘സാന്ദര്‍ഭിക പിഴവാണുണ്ടായത്. മനുഷ്യ സഹജമായ തെറ്റ്. പക്ഷേ ചെറിയൊരു പിഴവിനെ പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അതിന്റെ പേരില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശം വരെ എനിക്കെതിരെ ഉണ്ടായി.

വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ല,’ ചിന്ത പറഞ്ഞു.

വിമര്‍ശനം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്പോള്‍ തിരുത്തുമെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ചിന്ത ജെറോമിന് പിന്തുണയുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും എത്തിയിരുന്നു. വളര്‍ന്നുവരുന്ന ഒരു യുവ വനിതാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്‍മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണെന്നും അതിന്റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

നിരന്തര വേട്ടയാടലിലൂടെ, വിദ്യാര്‍ത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളര്‍ന്നു വരുന്ന ഒരു മഹിളാ നേതാവിനെ തളര്‍ത്തിക്കളയാമെന്നും തകര്‍ത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ടെന്നും ഇ.പി പറഞ്ഞു.

Content Highlight: Chintha Jerome’s Explanation on Thesis Controversy

We use cookies to give you the best possible experience. Learn more