ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം; ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം
Kerala
ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം; ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2017, 6:49 pm

 

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത് സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ യുവജനസമ്മേളന വേദിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ചിന്ത ജെറോമിനെ ട്രോളന്മാരുടെ പൊങ്കാലയ്ക്കിരയാക്കിയത്.


Also Read: മലവിസര്‍ജ്ജനം നടത്തുന്ന സ്ത്രീയുടെ ഫോട്ടോയെടുത്തു; ബി.ജെ.പി നേതാവിനെതിരെ കേസ്


ട്രോളുകള്‍ക്ക് പുറമെ ചിന്തയുടെ “ചിന്ത”യെക്കുറിച്ച് സിനിമാ മേഖലയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായി. ട്രോള്‍ ഗ്രൂപ്പുകളില്‍ ചിന്തയെ പ്രധാന കഥാപാത്രമാക്കി ട്രോളുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിന്ത. ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടാണ് ചിന്ത ട്രോളാക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്.

താന്‍ ട്രോളുകളെ പോസീറ്റീവായിട്ടാണ് കാണുന്നതെന്നും അവയെ സ്വാഗതം ചെയ്യുകയാണെന്നും ചിന്ത പറയുന്നു. ട്രോളുകള്‍ വായിച്ച് ചിരിക്കാറുണ്ടെന്നും പുതിയ തലമുറ സര്‍ഗാത്മകമായി ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

“ട്രോളുകളെ വളരെ പോസിറ്റീവ് ആയി ആണ് കാണുന്നത്. അവയെ സ്വാഗതം ചെയ്യുന്നു. അവയെല്ലാം വായിച്ച് ചിരിക്കാറുമുണ്ട്. പുതിയ തലമുറ വളരെ സര്‍ഗാത്മകമായി ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ട്. മറ്റുള്ളവര്‍ക്ക് ഒരു ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം ഉണ്ട് അല്ലാതെ ട്രോളുകള്‍ എന്നെ വേദനിപ്പിച്ചിട്ടില്ല.” ചിന്ത പറഞ്ഞു.


Dont Miss: മെര്‍സല്‍ വിവാദത്തില്‍ താജ്മഹലിനെ മുക്കാന്‍ ബി.ജെ.പി; ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാകുമോയെന്ന് പ്രകാശ് രാജ്


തന്നെ വിമര്‍ശിക്കുന്നവര്‍ സമ്മേളനവേദിയില്‍ നടന്ന പ്രസംഗം മുഴുവന്‍ കേള്‍ക്കാതെയാണ് വിമര്‍ശിക്കുന്നതെന്നും ചിന്ത പറയുന്നു. “യുവജനസമ്മേളന വേദിയില്‍ നടന്ന മുഴുവന്‍ പ്രസംഗം കേള്‍ക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്. പുതിയ തലമുറ ഏറെ ചടുലമായ താളങ്ങളെ സ്വീകരിക്കുന്നവരാണെന്ന് മാത്രമാണ് ആ പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചത്, എന്നാല്‍ അത് അങ്ങനെ അല്ല സ്വീകരിക്കപ്പെട്ടെതെന്നാണ് നിലവിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്.” ചിന്ത പറയുന്നു.