ക്രിസ്റ്റ്യന്‍ മാട്രിമോണിയലില്‍ മതം പറഞ്ഞ് വിവാഹ പരസ്യം; തന്റേത് മതേതരകാഴ്ച്ചപ്പാട്, അസംബന്ധ പരസ്യത്തെ കുറിച്ച് അറിയില്ലെന്നും ചിന്താ ജെറോം
Kerala
ക്രിസ്റ്റ്യന്‍ മാട്രിമോണിയലില്‍ മതം പറഞ്ഞ് വിവാഹ പരസ്യം; തന്റേത് മതേതരകാഴ്ച്ചപ്പാട്, അസംബന്ധ പരസ്യത്തെ കുറിച്ച് അറിയില്ലെന്നും ചിന്താ ജെറോം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th February 2017, 5:17 pm

കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ പേരില്‍ ക്രിസ്ത്യന്‍ മാട്രിമോണിയല്‍ സൈറ്റായ ചാവറ മാട്രിമോണിയലില്‍ വിവാഹ പരസ്യം. എസ്.എഫ്.ഐ മുന്‍ സംസ്ഥാ വൈസ് പ്രസിഡന്റും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചിന്തയുടെ മതവും വിദ്യാഭ്യാസ യോഗ്യതയും പരസ്യത്തിലുണ്ട്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.

എന്നാല്‍ തന്റെ അറിവോടെയല്ല പരസ്യം നല്‍കിയതെന്നും വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് ഇത്തരത്തിലല്ലെന്നും ചിന്ത ജെറോം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. പരസ്യത്തില്‍ ചിന്തയുടെ മതത്തിന്റെ കോളത്തില്‍ ആര്‍.സി ലാറ്റിന്‍ ക്രിസ്റ്റിയന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്രിസ്റ്റ്യന്‍ വിഭാഗങ്ങളില്‍ നിന്നുമുള്ള ആലോചനകളാണ് സ്വീകരിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു. എന്നാല്‍ ഇത് അസംബന്ധമായ കാഴ്ച്ചപ്പാടാണെന്നും ഇത്തരത്തിലുള്ള കാഴ്ച്ചപ്പാടുകളോട് തനിക്ക് യോജിപ്പില്ലെന്നും ചിന്ത പറഞ്ഞു.

താനൊരു തികഞ്ഞ മതേതരവാദിയാണെന്നും തന്റെയോ അമ്മയുടേയോ അറിവോടെ ഇത്തരത്തിലൊരു പരസ്യം നല്‍കിയിട്ടില്ലെന്നും ചിന്ത പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരസ്യം പ്രചരിക്കുന്ന സാഹചര്യത്തില്‍ ഉടനെ തന്നെ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ചിന്ത വ്യക്തമാക്കി.


Also Read: ലവ് ജിഹാദ് ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയത് അനുവാദമില്ലാതെ; ഗ്രൂപ്പിലംഗമായത് താനറിഞ്ഞിരുന്നില്ല: ധന്യാ രാമന്‍


CCTV 55398 എന്ന ഐഡിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പരസ്യത്തില്‍ അധ്യാപികയായി ഉടനെ തന്നെ ജോലി ലഭിക്കുമെന്നും പറയുന്നുണ്ട്. ഡി.വൈ.എഫ്.ഐ പോലുള്ള പുരോഗമ ആശയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാരവാഹിയായിരുന്നിട്ടുള്ള ചിന്ത മത താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി വിവാഹ പരസ്യം നല്‍കിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ മാട്രിമോണിയലിലെ പരസ്യങ്ങളെല്ലാം വെരിഫൈഡഡ് അക്കൗണ്ടുകളില്‍ നിന്നുമുള്ളതാണെന്നും 100 % സുരക്ഷിതമാണെന്നും സൈറ്റില്‍ പറയുന്നുണ്ട്.