ചിന്ത ജെറോമിനെ കാറിടിച്ചു പരിക്കേല്‍പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala News
ചിന്ത ജെറോമിനെ കാറിടിച്ചു പരിക്കേല്‍പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2024, 11:00 am

കൊല്ലം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്തജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി ന്യൂസ് 18 ചാനലിലെ ചര്‍ച്ച കഴിഞ്ഞ് റോഡിലൂടെ നടന്നുപോകുമ്പോള്‍ മനപ്പൂര്‍വം കാറിടിപ്പിച്ചു എന്നാണ് പരാതി.

രാത്രി 8 മണിക്ക് കൊല്ലം തിരുമുല്ലവാരം കടപ്പുറത്ത് വെച്ചായിരുന്നു സഭവം. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. കാര്‍ ഓടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദാലി, കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബന്ധത്തില്‍ സംഭവിച്ചതാണെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

ശനിയാഴ്ച രാത്രി 8 മണിക്ക് കൊല്ലം തിരുമുല്ലവാരത്ത് ന്യൂസ് 18 ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിന്ത ജെറോം പങ്കെടുത്ത് സംസാരിച്ചിരുന്നു. ഈ പരിപാടിയില്‍ വെച്ച് ചിന്ത ജെറോമും കുറ്റാരോപിതനായ ഫൈസലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഫൈസല്‍ അസഭ്യം വിളിച്ചപ്പോള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പൊലീസും നേതാക്കളും ചേര്‍ന്നായിരുന്നു രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

പരിക്കേറ്റ ചിന്തയെ കൊല്ലം എസ്.എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ഉള്‍പ്പടെയുള്ള നേതാക്കള്‍ ചിന്തയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അതേ സമയം അപകടമുണ്ടാക്കിയ കാര്‍ കോണ്‍ഗ്രസിന്റെ വ്യാപാര സംഘടനയുടെ നേതാവ് ബിനോയ് ഷാനൂരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇയാള്‍ ലഹരിക്കടത്ത് കേസിലടക്കം പ്രതിയായിട്ടുള്ള ആളാണെന്നും സി.പി.ഐ.എം ആരോപിക്കുന്നു.

content highlights: Chintajerom was hit by a car and injured; Case against Congress workers