തിരുവനന്തപുരം: കൊല്ലത്തെ ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്ന പരാതിയില്‍ പ്രതികരിച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം.
അമ്മയുടെ ചികിത്സ ഉള്‍പ്പെടെ പരിഗണിച്ചാണ് ഹോട്ടലില്‍ താമസിച്ചതെന്നും 20,000 രൂപ മാസവാടക നല്‍കിയിരുന്നുവെന്നും ചിന്ത പറഞ്ഞു. അമ്മയുടെ പെന്‍ഷനില്‍ നിന്നും തന്റെ കയ്യില്‍നിന്നുമെടുത്താണ് വാടക നല്‍കിയതെന്നും ചിന്ത പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ തന്റെ ഈ അവസ്ഥ മനസിലാക്കണമെന്നും ചിന്ത പറഞ്ഞു.
‘അമ്മയുടെ ആയുര്‍വേദ ചികിത്സക്കായിരുന്നു അവിടെ താമസിച്ചത്. കൊവിഡ് സമയത്ത് അമ്മക്ക് സ്‌ട്രോക്ക് വന്നു. എന്‍.എസ്.എസ് ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു ചികിത്സ.
എന്റെ യാത്രയിലൊക്കെ അമ്മ കൂടെയുണ്ടാകാറുണ്ട്. എന്നാല്‍ ആ സമയത്ത് അതിന് പലപ്പോഴും കഴിഞ്ഞില്ല. അന്ന് താമസിക്കുന്ന വീട്ടില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂം ഇല്ലായിരുന്നു. തുടര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നത്. അമ്മയുടെ അസുഖം സംബന്ധിച്ച കാര്യങ്ങളൊക്കെ പരസ്യമാക്കുന്നതില്‍ പ്രയാസമുണ്ട്,’ ചിന്ത ജെറോം പറഞ്ഞു.