കൊല്ലം: സി.പി.ഐ.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വെച്ച് ചിന്താ ജെറോം കുപ്പി വെള്ളം കുടിക്കുന്ന ഫോട്ടോ ഉപയോഗിച്ച് ചിന്ത ബിയര്‍ കുടിക്കുന്നു എന്ന് രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ സൈബര്‍ ആക്രമണം. ചിന്തയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ഡി.വൈ.എഫ്.ഐയും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടക്കുന്ന സമ്മേളനത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കി ചില്ലുകുപ്പിയില്‍ കുടിവെള്ളം നല്‍കിയിരുന്നു. ഇത്തരത്തില്‍ കുപ്പിയില്‍ വെള്ളം കുടിക്കുന്ന ചിന്തയുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബറാക്രമണത്തിന് എതിരെ ചിന്താ ജെറോമും ഡി.വൈ.എഫ്.ഐ നേതൃത്വവും പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി.
കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നും നല്ല രീതിയില്‍ നടത്തുന്ന സമ്മേളനത്തിനിടയില്‍ അര്‍ത്ഥ ശൂന്യമായ പരിഹാസങ്ങളുമായി ചിലര്‍ എത്തുന്നുണ്ടെന്നും ചിന്ത പറയുകയുണ്ടായി.
അതേസമയം കുപ്പി വെള്ളം സമ്മേളനത്തിന്റെ ഡയസില്‍ വെച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നും ചിന്താ ജെറോം പറഞ്ഞു. വേദിയില്‍ ഇരിക്കുന്ന സമയത്ത് കുപ്പിയില്‍ നിന്നും ചൂടുവെള്ളം കുടിക്കുമ്പോള്‍ സദസിലിരിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ പലരും ചിരിക്കുന്നുണ്ടായിരുന്നുവെന്ന് പറഞ്ഞ ചിന്ത, പിന്നീട് വിഷ്വലെടുക്കാനായി ക്യമറയും കൊണ്ട് വന്നിരുന്നതായും കൂട്ടിച്ചേര്‍ത്തു.
ഇതിന് മുമ്പും അസംബന്ധമായ പല കാര്യങ്ങളും പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഓരോ ദിവസവും എന്തെങ്കിലും കാര്യങ്ങള്‍ കരുതിവെച്ച് പുറത്തുവിടുകയാണെന്നും ചിന്ത പറഞ്ഞു.
എന്നാല്‍ സൈബറാക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമന്ന ആഹ്വാനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തിയിട്ടുണ്ട്.
ചിന്താ ജെറോമിന് എതിരായ സൈബര്‍ ആക്രമണം അത്യന്തം ഹീനവും പ്രതിഷേധാര്‍ഹവുമാണെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
‘സി.പി.ഐ.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വച്ച് ചിന്താ ജെറോം കുപ്പി വെള്ളം കുടിക്കുന്ന ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചിന്ത ബിയര്‍ കുടിക്കുന്നു എന്ന രീതിയില്‍ വ്യാപകമായ പ്രചരണം നടത്തുകയാണ്,’ വി.കെ. സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
സി.പി.ഐ.എം സമ്മേളനങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് നടക്കുന്നത്. അതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കി പകരം ചില്ലുകുപ്പിയിലാണ് സമ്മേളനത്തില്‍ കുടിവെള്ളം നല്‍കിയിട്ടുള്ളത്. അങ്ങനെ നല്‍കിയിട്ടുള്ള കുടിവെള്ളം കുടിക്കുന്ന ഫോട്ടോയാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും അശ്ലീല പദങ്ങളും ഉപയോഗിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കുറച്ച് കാലമായി കോണ്‍ഗ്രസ് സൈബര്‍ സെല്ലിന്റെ പിന്തുണയോടു കൂടി ഇടതുപക്ഷ രാഷ്ട്രീയധാരയില്‍ നില്‍ക്കുന്ന വനിതകളെ ലക്ഷ്യം വെച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നു. ഇത്തരം ഹീനമായ നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഡി.വൈ.എഫ്.ഐ ക്ക് ശക്തമായി പ്രതികരിക്കേണ്ടി വരും. ചിന്താ ജെറോമിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, എന്നാണ് സനോജിന്റെ പോസ്റ്റ്.
Content Highlight: Chinta Jerome cyberattacked for drinking bottled water; DYFI will protest